പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചു; രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിര; മന്ത്രി വി.എൻ വാസവന് വോട്ട് പാമ്പാടിയിൽ
|ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്.
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാർഥികളെ ആവേശത്തിലാഴ്ത്തി രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്ക്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിനായി ആറരയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്. കൊണ്ടുപിടിച്ച പ്രചരണത്തിന്റെ ആവേശം ജനങ്ങളിലുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബൂത്തുകളിൽ കാണുന്ന നീണ്ട നിര. ബൂത്തുകളിലെ തിരക്ക് പോളിങ് ശതമാനം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
അപ്പയുടെ പിൻഗാമിയായി ജനം തെരഞ്ഞെടുക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എന്നാൽ കഴിഞ്ഞ രണ്ട് തവണ ഉമ്മൻ ചാണ്ടിയുടെ എതിരാളിയായിരുന്ന ജെയ്ക്ക് സി തോമസ് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞതും ജെയ്ക്കിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിക്കുള്ള സ്വാധീവും സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും മകൻ ചാണ്ടി ഉമ്മന്റെ വിജയത്തിന് വീണ്ടും അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
അതേസമയം, മന്ത്രി വി.എൻ വാസവനും പുതുപ്പള്ളിയിലെ വോട്ടറാണ്. പാമ്പാടിയിലാണ് അദ്ദേഹത്തിന് വോട്ട്. ഒമ്പതരയോടെ അദ്ദേഹം പാമ്പാടിയിലെ ബൂത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തും. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പോളിങ് ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി സെന്റ്. ജോർജിയൻ സ്‌കൂളിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് മണർകാട് പഞ്ചായത്തിലെ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. 1,76,417 വോട്ടർമാർക്കായി 182 ബൂത്തുകളാണു സജ്ജീകരിച്ചിക്കുന്നത്. വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കാൻ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.