മദ്യകുപ്പികളുമായി പുഴയിൽ ചാടി; പ്രതിയെ പിന്നാലെ ചാടി പിടികൂടി പൊലീസ്
|തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം
തൃശൂർ: അനധികൃത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യകുപ്പികളുമായി പുഴയിൽ ചാടിയെ പ്രതിയെ പിന്നാലെ ചാടി പിടികൂടി പൊലീസ്. തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം. മുനയത്ത് താമസിക്കുന്ന അച്ചു പറമ്പിൽ ഷോജി (60) യെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് അനധികൃതവിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 14 കുപ്പി മദ്യം കയ്പമംഗലം പൊലീസും കെ. നയൺ ഡോഗ് സ്ക്വാഡും ചേർന്ന് കണ്ടെത്തി.
പൊലീസിനെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ, എ.എസ്.ഐ ബിനീഷ് പിന്നാലെ ചാടി സാഹസികമായാണ് പിടികൂടിയത്. വീടിന്റെ കിടപ്പുമുറിയിൽ ബാഗിലായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ മിലോ എന്ന പൊലീസ് നായയാണ് കണ്ടെത്തിയത്. മദ്യം മയക്കുമരുന്ന് വിൽപ്പന കണ്ടെത്തുന്നതിനായി റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരമാണ് ഡോഗ് സ്ക്വാഡും കയ്പമംഗലം പൊലീസും ചേർന്ന് റെയ്ഡ് നടത്തിയത്. കയ്പമംഗലം എസ്.ഐ.മാരായ എൻ. പ്രദീപ്, ബിജു, എ.എസ്.ഐ ബിനീഷ്, മുഹമ്മദ് റാഫി, സിയാദ്, ധനേഷ്, ഫാറൂഖ്, പ്രിയ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.