മലപ്പുറം മമ്പാട് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം
|സ്ഥാപനം ഏതാണ്ട് 90 ശതമാനത്തിലധികം കത്തിനശിച്ചു
മലപ്പുറം: മമ്പാട് ഫർണിച്ചർ മൊത്തവിതരണ കേന്ദ്രത്തിലെ ഷെഡിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഏതാണ്ട് നാലുമണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരുവാലി ഫയര്‍സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നത്. സ്ഥാപനം ഏതാണ്ട് 90 ശതമാനത്തിലധികം കത്തിനശിച്ചുവെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
തിന്നർ അടക്കമുള്ള വസ്തുക്കളുള്ളതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അഥിതി തൊഴിലാളികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും ജോലി ചെയ്യുന്നത്. എന്നാൽ ഇന്ന് ഹോളിയായതിനാൽ ഇവർക്ക് അവധി നൽകിയിരുന്നു. അതിനാൽ തന്നെ സംഭവത്തിൽ ആളപായമില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.