സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എൻ വാസവൻ വിളിച്ച യോഗം ഇന്ന്
|സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, മേഖലയിലെ പ്രമുഖർ അടക്കം യോഗത്തിൽ പങ്കെടുക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് ഉൾപ്പെടെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വി.എൻ വാസവൻ വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, മേഖലയിലെ പ്രമുഖർ അടക്കം യോഗത്തിൽ പങ്കെടുക്കും. കരുവന്നൂർ ബാങ്കിലെ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്നുള്ള ആലോചനകൾ നടക്കുന്നതിനിടയാണ് യോഗം. കഴിഞ്ഞദിവസം കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനുള്ളിലും കൂടിയാലോചനകൾ നടന്നിരുന്നു. അതിനിടെ കരുവന്നൂർ ബാങ്കിന് ധനസഹായം നൽകാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നാണ് കേരള ബാങ്ക് അറിയിച്ചിട്ടുള്ളത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുൻ എസ്.പി കെ.എം ആന്‍റണി, മുൻ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ് എന്നിവർക്കാണ് ഇ ഡി വീണ്ടും നോട്ടീസ് നൽകിയിട്ടുള്ളത്. കേസിലെ ഒന്നാംപ്രതി സതീഷ് കുമാറും ആയിട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരെയും കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികളായ സതീഷ് കുമാറിന്‍റെയും പി.പി കിരണിന്‍റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.