സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥി സംഘടനകളുടെ യോഗം ഇന്ന്
|ഇന്നലെ ചേർന്ന പി.ടി.എ മീറ്റിങ്ങിലാണ് യോഗം വിളിക്കാൻ തീരുമാനം ഉണ്ടായത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥി സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഇന്നലെ ചേർന്ന പി.ടി.എ മീറ്റിങ്ങിലാണ് യോഗം വിളിക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ആരോപണ വിധേയനായ അധ്യാപകനെതിരെ അന്വേഷണത്തിന് ശിപാർശ ചെയ്യാൻ തീരുമാനമായി.
അക്രമ സംഭവങ്ങളെ തുടർന്ന് കോളേജ് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന് പിടിഎ യോഗത്തിലാണ് വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കാൻ തീരുമാനമായത്. എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രട്ടേണിറ്റി, എം.എസ്.എഫ് എന്നീ സംഘടനകളുടെ ജില്ലാ നേതാക്കന്മാർ ആയിരിക്കും യോഗത്തിൽ പങ്കെടുക്കുക. കോളേജ് എത്രയും വേഗം തന്നെ തുറന്ന് ക്ലാസുകൾ പുനരാരംഭിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് സ്ഥലംമാറ്റം ലഭിച്ച കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയ് പറഞ്ഞു.
അതേസമയം സ്വഭാവ ദൂഷ്യം ആരോപണമുയർന്ന മഹാരാജാസിലെ അധ്യാപകൻ നിസാമുദ്ദീനെതിരെ വലിയ പ്രതിഷേധമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. വംശീയമായി അധിക്ഷേപിക്കുകയും പെൺകുട്ടികളോട് മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെതിരെ നടപടി വേണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.