അനീഷ്യ മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും എങ്ങും എത്താതെ അന്വേഷണം
|അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ മരിച്ച സംഭവത്തിൽ ആരോപണ വിധേയരെ ക്രൈംബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല
കൊല്ലം: പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും എങ്ങും എത്താതെ അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് ആരോപണ വിധേയരെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം തൃപ്തികരം അല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
ജനുവരി 21നാണ് പരവൂർ കോടതിയിലെ എ..പി.പി അനീഷ്യ ജീവനൊടുക്കിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. അനീഷ്യയുടെ ഡയറിയിലെ വെളിപ്പെടുത്തലുകളുടെയും കുടുംബത്തിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ പരവൂർ കോടതിയിലെ ഡി.ഡി.പി അബ്ദുൾ ജലീൽ, എ.പി.പി ശ്യം കൃഷ്ണ എന്നിവരെ സസ്പെൻഡ് ചെയ്തു.
ഇവരുടെ ശകാരവും, അവഗണനയും, പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. ഇവരെ ഇതുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാത്തത്തിൽ കുടുബത്തിന് പല സംശയങ്ങളും ഉണ്ട്. തെളിവുകൾ എല്ലാം ശേഖരിച്ച ശേഷമാവും ആരോപണ വിധേയരുടെ ചോദ്യം ചെയ്യൽ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
അനീഷ്യയുടെ മൊബെൽ, ലാപ്ടോപ്പ്, ഡയറി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടും കേസെടുക്കാതെയുള്ള നീക്കത്തിൽ കുടുംബം തീർത്തും നിരാശരാണ്. ആരോപണ വിധേയർക്ക് പൊലീസിൽ സ്വാധീനമുണ്ടെന്നും, ഐപിഎസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം നൽകി.