Kerala
tanur native imprisoned in myanmar
Kerala

താനൂർ സ്വദേശി മ്യാൻമറിൽ തടവിലകപ്പെട്ടെന്ന് പരാതി; നിരവധി മലയാളികളുണ്ടെന്ന് സൂചന

Web Desk
|
8 Jun 2024 4:41 AM GMT

ഇന്റർനെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം

മലപ്പുറം: മലപ്പുറം താനൂർ സ്വദേശിയായ യുവാവ് മ്യാൻമറിൽ സായുധ സംഘങ്ങളുടെ തടവിലകപ്പെട്ടെന്ന് പരാതി. സംഘങ്ങളിൽ നിന്ന് ക്രൂരമർദനമേൽക്കുന്നതായാണ് യുവാവ് കുടുംബത്തിനയച്ച സന്ദേശത്തിൽ പറയുന്നത്. തടവിൽ നിരവധി മലയാളികൾ ഉൾപ്പെട്ടതായാണ് സൂചന.

കണ്ണൂർ സ്വദേശിയായ സുഹൃത്ത് വഴിയാണ് യുവാവ് ജോലിക്കായി തായ്‌ലാൻഡിലേക്കും അവിടെ നിന്ന് മ്യാൻമറിലേക്കും പോയത്. തായ്‌ലാൻഡ് എയർപോർട്ടിലിറങ്ങിയ ശേഷം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമില്ല. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവാവ് തട്ടിപ്പ് സംഘങ്ങളുടെ പിടിയിലകപ്പെട്ടതായി ബന്ധുക്കൾ അറിയുന്നത്.

ഇന്റർനെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം. സംഘം നൽകുന്ന ടാർഗറ്റ് തികച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കലും ക്രൂരമർദനങ്ങളുമായി പീഡനമാണ്. തങ്ങളെ കൊല്ലുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് രക്ഷപെടുത്തണമെന്ന് മഞ്ചേരി സ്വദേശിയായ മറ്റൊരു യുവാവ് ബന്ധുക്കൾക്കയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. നിലവിൽ മഞ്ചേരി, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ തടവിലുണ്ടെന്നാണ് വിവരം.

വിസക്കും യാത്രയ്ക്കും പൈസ വേണ്ട എന്നതടക്കം വലിയ ഓഫറുകൾ നൽകിയാണ് സംഘം യുവാക്കളെ ആകർഷിക്കുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യവും നൽകിയിരുന്നു. ഇവർ പറയുന്ന സ്ഥലങ്ങളിലെത്തിയാൽ ഇവരുടെ തന്നെ ആളുകളെത്തി കൂട്ടിക്കൊണ്ടു പോകും. സംഘങ്ങളുടെ കേന്ദ്രത്തിലെത്തിയാൽ പിന്നീടിവർക്ക് പുറംലോകവുമായി ബന്ധമില്ല. ഒരു ദിവസം ഒരാൾ എന്ന മുറയ്ക്ക് വീട്ടുകാരെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാം. ഇങ്ങനെയൊരു സന്ദേശത്തിലൂടെയാണ് യുവാക്കൾ തടവിലകപ്പെട്ട വിവരം പുറംലോകമറിയുന്നത്.

ഓരോ പ്രദേശത്തെ ആളുകളെയും പറ്റിക്കാൻ ആ പ്രദേശത്ത് നിന്നുള്ളവരെ ഉപയോഗിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇങ്ങനെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ സംഘത്തിന്റെ തടവിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് താനൂർ സ്വദേശിയായ യുവാവിന്റെ കുടുംബം.

Similar Posts