Kerala
സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും
Kerala

സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും

Web Desk
|
6 July 2022 12:59 AM GMT

സഭയ്ക്ക് പുറത്ത് സംസ്ഥാന വ്യാപകമായി സമരം ശക്തിപ്പെടുത്താനും കോൺഗ്രസ് തീരുമാനിച്ചു

തിരുവനന്തപുരം: ഭരണഘടനാ നിന്ദ നടത്തിയ സജി ചെറിയാനെതിരായ നിലപാട് കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. മന്ത്രിക്കെതിരായ പ്രതിഷേധം ഇന്ന് നിയമസഭയിലും യുഡിഎഫ് ഉയർത്തും. സജി ചെറിയാന്റെ വിശദീകരണം ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യുഡിഎഫ്. മന്ത്രി ഭരണഘടനയെ നിന്ദിച്ചുവെന്ന് കാട്ടി ഇന്ന് നിയമസഭയിൽ റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം.

രാഷ്ട്രീയ പ്രതിഷേധത്തിനൊപ്പം ഗവർണർക്ക് പരാതി നൽകിയും നിയമപോരാട്ടത്തിന് അരങ്ങൊരുക്കാനുമാണ് പ്രതിപക്ഷ തീരുമാനം. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നുവെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തും. ഇന്നലെ ഗവർണറെ കണ്ട കെപിസിസി സംഘം ഇടപെടൽ ആവശ്യപ്പെട്ടു.

മറുവശത്ത് ഡിജിപി അടക്കമുള്ളവർക്കും കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസും പരാതി നൽകി. ഇതിൽ കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. സഭയ്ക്ക് പുറത്ത് സംസ്ഥാന വ്യാപകമായി സമരം ശക്തിപ്പെടുത്താനും കോൺഗ്രസ് തീരുമാനിച്ചു. മന്ത്രിയുടെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും.

അതേസമയെ മന്ത്രിയുടെ വിവാദ പ്രസംഗത്തോടെ ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഭരണഘടനയെ തള്ളിയുള്ള സജി ചെറിയാന്റെ പ്രസംഗത്തെ സി പി എം ന്യായീകരിക്കുന്നില്ലെങ്കിലും അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അത് കൊണ്ടാണ് സജി ചെറിയാനെ പിന്തുണച്ച് നേതൃത്വം എത്തിയതും. എന്നാൽ ഭരണഘടനയിലൂന്നി സത്യപ്രതിഞ്ജ ചെയ്ത മന്ത്രി അതിനെ എങ്ങനെ ചോദ്യം ചെയ്യുമെന്ന വിഷയമാണ് ഉരുന്നത്. ഇതാണ് സർക്കരിന്റെ പ്രധാന പ്രതിസന്ധി. ഗവർൺക്ക് മുന്നിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത് കൊണ്ട് ഗവർണറുടെ നിലപാടും നിർണയകമാണ്. അതിന്റ സൂചന ഗവർണർ നൽകിയിട്ടുണ്ട്.

ഗവർണർ മുതൽ രാഷ്ട്രപതിവരെ പരാതികൾ.. മന്ത്രിയെ കൈവിട്ട് ഘടകകക്ഷികൾ

തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന രണ്ടാം പിണറായി സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയായി മാറുകയാണ് സജി ചെറിയാന്റെ വിവാദ പരാമർശം. സജി ചെറിയാനെ എത്രനാൾ സംരക്ഷിക്കാൻ ആകുമെന്ന ആശങ്ക നേതൃത്വത്തിന് തന്നെയുണ്ട്. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്ന് പൂർണ പിന്തുണയും ഈ വിഷയത്തിൽ സിപിഎമ്മിന് ലഭിക്കാനിടയില്ല. ഗവർണറുടെ നിലപാടും കോടതി ഇടപെടലുകളുമൊക്കെ സർക്കാരിൻറെ സമ്മർദ്ദമേറ്റും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, സ്വർണ ക്കടത്ത് ആരോപണം രണ്ടാം എപ്പിസോഡ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. പ്രതിസന്ധികളും വിവാദങ്ങളും സിപിഎമ്മിനെയും പിണറായി സർക്കാരിനെയും വിടാതെ പിന്തുടരുകയാണ്. പാർട്ടി ആസ്ഥാനം ആക്രമിക്കപ്പെട്ടിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഖേദപ്രകടനം നടത്തിയ സജി രാജിവയ്‌ക്കേണ്ടെന്ന് നിലപാടിലാണ് ഇപ്പോൾ സിപിഎം നേതൃത്വം. എന്നാൽ ഇതിൽ ഭിന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന ഗവർണറുടെ പ്രസ്താവനയിലെ അപകടവും സർക്കാർ തിരിച്ചറിയുന്നു.

ഗവർണർ മുതൽ രാഷ്ട്രപതിക്ക് വരെ സജി ചെറിയാനെതിരെ പരാതികൾ പോയി കഴിഞ്ഞു. കോടതികളിലും വൈകാതെ പരാതികൾ എത്തും. ഇതൊക്കെ മറികടക്കുന്നത് സർക്കാരിന് അത്ര എളുപ്പമാകില്ല. വിവാദങ്ങൾ ഉണ്ടാകുമ്പോഴൊക്കെ പൂർണ പിന്തുണ നൽകുന്ന ഘടകകക്ഷികളും ഈ വിഷയത്തിൽ അത്ര അനുകൂല നിലപാടിൽ അല്ല എന്നാണ് സൂചന. ഗുരുതര വീഴ്ച സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന അഭിപ്രായം സിപിഐ നേതൃത്വത്തിന് ഉണ്ട്. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സിപിഎമ്മിന്റെ ദേശീയ നേതൃത്വം എന്തു നിലപാട് എടുക്കുമെന്നതും നിർണായകമാണ്.

Similar Posts