കണ്ണൂരിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി
|കലക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്കാണ് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത്
കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ഇന്ധനം നിറയ്ക്കുകയായിരുന്ന കാറും പമ്പിലെ ഫ്യുവൽ ഡിസ്പെൻസറും തകർന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പൊലീസ് വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
രാവിലെ 6.40 ഓടെയായിരുന്നു അപകടം.കണ്ണൂർ എ ആർ ക്യാമ്പിലെ കാൻ്റീനിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന പൊലീസ് വാഹനമാണ് കലക്ട്രേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന ഒരു കാറും പമ്പിലെ ഫ്യൂവല്‍ ഡിസ്‌പെൻസറും ഇടിയുടെ ആഘാതത്തിൽ തകർന്നു.കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത് നശിക്കാറായതും യന്ത്ര ഭാഗങ്ങൾ കെട്ടിവെച്ചതുമായ വാഹനമാണ് അപകടം ഉണ്ടാക്കിയത്. പമ്പിലുള്ളവർ ഓടി മാറിയതും തീപിടിത്തം ഉണ്ടാകാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
അപകടത്തിന് തൊട്ടു പിന്നാലെ പോലീസുകാർ സ്ഥലത്തുനിന്ന് മാറിയതും ടൗൺസ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്താൻ വൈകിയതും പ്രതിഷേധത്തിന് ഇടയാക്കി. വാഹനത്തിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലന്നും ആക്ഷേപമുണ്ട്.