സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാൻ ആലോചന
|പുതിയ നിയമന മാനദണ്ഡം സംബന്ധിച്ച റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു. പുതിയ നിയമന മാനദണ്ഡം സംബന്ധിച്ച റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് സമർപ്പിക്കും. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് പുതിയ നീക്കം
സർക്കാർ, എയ്ഡഡ് കോളേജുകളിൽ അധ്യാപക നിയമനത്തിനുള്ള നിലവിലെ പ്രായപരിധി 40 വയസ്സാണ്. ഒ ബി സി വിഭാഗത്തിൽ 43 വരെയും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 45 വയസ് വരെയും അപേക്ഷിക്കാം. അസി. പ്രൊഫസർ തസ്തികയിലേക്ക് ഗവേഷണ ബിരുദം ഉള്ളവർക്കാണ് മുൻഗണന. കൂടാതെ പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളും നിയമനത്തിന് സഹായകമാകും. ഇത്തരം യോഗ്യതകൾ നേടുന്നതിന് കൂടുതൽ സമയം വേണ്ടതിനാൽ പലർക്കും പ്രായപരിധി ഒരു വില്ലനാകുന്നു. ഭൂരിഭാഗം പേർക്കും അപേക്ഷിക്കാൻ പോലും കഴിയുന്നില്ല എന്ന് കമ്മീഷൻ്റെ ശിപാർശയിൽ പറയുന്നു. കൂടാതെ പ്രായപരിധി ഒഴിവാക്കിയാൽ സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും നിർദേശത്തിൽ ഉണ്ട്.
അസി. പ്രൊഫസർ നിയമനത്തിനുളള യു.ജി.സി മാനദണ്ഡത്തിലും പ്രായപരിധി വേണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ പ്രായപരിധി പൂർണ്ണമായും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ശേഷം സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതടക്കമുളള തുടർനടപടികളിലേക്ക് കടക്കും.