വല്ലാത്തൊരു ലേലം; ഒരു മത്തങ്ങയ്ക്ക് ലഭിച്ചത് 47,000 രൂപ!
|അഞ്ച് കിലോയോളം വരുന്ന മത്തങ്ങയാണ് ലേലം വിളിച്ചത്.
ഇടുക്കി: ഒരു മത്തങ്ങയ്ക്ക് വില 47000 രൂപയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സംഭവം സത്യമാണ്. ഇടുക്കി ചെമ്മണ്ണാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തിലാണ് മത്തങ്ങ ഭീമമായ തുകയ്ക്ക് വിറ്റുപോയത്.
അഞ്ച് കിലോയോളം വരുന്ന മത്തങ്ങയാണ് ലേലം വിളിച്ചത്. സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ പൂവന്‍കോഴിയും മുട്ടനാടുമൊക്കെ 10,000 രൂപയ്ക്ക് മുകളില്‍ ലേലം വിളിച്ച് പോവാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമാണ്.
ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളില്‍ ആവേശവും കൂടി. ഇങ്ങനെയാണ് 47,000 രൂപയ്ക്ക് മത്തങ്ങ ലേലത്തില്‍ പോയത്. ഇതോടെ ഓണാഘോഷത്തിന്റെ ചെലവ് കണ്ടെത്താന്‍ സമ്മാനക്കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകരും ഹാപ്പി.