ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ല
|സംസ്ഥാന സർക്കാരുകൾക്കോ സർക്കാർ അധീനതയിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം
ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു. സംസ്ഥാന സർക്കാരുകൾക്കോ സർക്കാർ അധീനതയിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
കേന്ദ്ര സർക്കാരിന്‍റെ സ്വകാര്യവത്ക്കരണ നയത്തിന്‍റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ.എസ്.ഐ.ഡി. സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ.എസ്.ഐ.ഡി. സിയെ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നീക്കത്തിനാണ് കേന്ദ്രം തടയിട്ടത്. സംസ്ഥാന സര്‍ക്കാരിന് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം കത്തയച്ചു. സംസ്ഥാന സർക്കാരുകൾക്കോ ,സർക്കാർ അധീനതയിലുള്ള പൊതുമേഖല സംരഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റെതെന്ന വിമര്‍ശനമാണ് സി.പി.എം ഉയര്‍ത്തുന്നത്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചപ്പോഴും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.