കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക റവന്യൂ ഓഫീസ് നിലനിർത്തും
|ഓഫീസ് അടച്ചു പൂട്ടാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പിൻവലിച്ചു
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക റവന്യൂ ഓഫീസ് കരിപ്പൂരിൽ നിലനിർത്തും. ഓഫീസ് അടച്ചു പൂട്ടാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പിൻവലിച്ചു. ഓഫീസ് അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ കോട്ടയത്തേക് മാറ്റാനുള്ള റവന്യു വകുപ്പിന്‍റെ തീരുമാനം മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക റവന്യു ഓഫീസ് കരിപ്പൂരിൽ നില നിർത്തിക്കൊണ്ടാണ് റവന്യു വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോട്ടയത്തേക് മാറ്റിയ ഉദ്യോഗസ്ഥരെ കരിപ്പൂരിൽ നിലനിർത്തും. കഴിഞ്ഞ മാസമായിരുന്നു കരിപ്പൂരിലെ പ്രത്യേക റവന്യു ഓഫീസ് നിർത്തലാക്കികൊണ്ട് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്. ഓഫീസിന്‍റെ പ്രവർത്തന കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവ്. സംസ്ഥാന പാതയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി ഈ ഉദ്യോഗസ്ഥരെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഇത് വാർത്തയായതോടെ വലിയ പ്രതിഷേധം ഉയർന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനപ്രവർത്തനങ്ങളെ സർക്കാർ തീരുമാനം ബാധിക്കുമെന്നായിരുന്നു ആശങ്ക. ഇതിനു പിന്നാലെ എം.കെ രാഘവൻ എം.പി അടക്കമുള്ളവരും സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഇതോടെയാണ് തീരുമാനം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.