ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം ആരംഭിച്ചു
|ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്
കൊച്ചി: മണ്ഡലകാല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം ആരംഭിച്ചു. ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്. ഈ വർഷം വിമാനമാർഗം വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ് പറഞ്ഞു.
41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്ത് 2 കോടി ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിൽ താഴെ ഭക്തർ വിമാനമാർഗം ശബരിമല ദർശനത്തിന് എത്തിയെന്നാണ് കണക്കുകൾ. ഈ വർഷം കൂടുതൽ തീർഥാടകർ വിമാനമാർഗം ശബരിമല ദർശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്.ഇവർക്ക് വേണ്ടിയാണ് സിയാൽ ഇടത്താവളം ഒരുക്കിയിരിക്കുന്നത്.സിയാലും സംസ്ഥാന സർക്കാരും സഹകരിച്ച് ഒരുക്കിയിരിക്കുന്ന ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
സിയാൽ ആഭ്യന്തര ടെർമിനലിന് സമീപത്താണ് ഇടത്തവളം ഒരുക്കിയിരിക്കുന്നത്. 5000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന ഇടത്താവളത്തിൽ ഒരോ സമയം 50 ഭകതർക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഹെല്‍പ് ഡെസ്ക്കും ഇടത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ ശബരിമല കൗണ്ടറും വിമാനത്തവളത്തിൽ പ്രവർത്തനം ആരംഭിക്കും.