മുഖ്യമന്ത്രിയുടെ ഡൽഹി സമരത്തിന് അനുമതി; പ്രതിഷേധം മറ്റന്നാൾ
|നാളെ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് എതിരായ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്
ന്യൂഡൽഹി:കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റന്നാൾ ഡൽഹിയിൽ സമരം നടക്കും. ജന്തർ മന്ദിറിൽ സമരം നടത്താൻ പൊലീസ് അനുമതി നൽകി. കേന്ദ്ര പദ്ധതികളിലും വിഹിതത്തിലും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് എൽഡിഎഫ് ഡൽഹിയിൽ സമരം പ്രഖ്യാപിച്ചത്. കേരളത്തിന് മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഇതേ പരാതിയുണ്ട്.
നാളെ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരും നേതാക്കളും പങ്കെടുക്കുന്ന കേന്ദ്ര സർക്കാരിന് എതിരായ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്. കേരളത്തിന്റെ സമരം നേരത്തെ രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സമരം ജന്തർ മന്ദറിൽ നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകുകയായിരുന്നു. കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സാറ്റാലിൻ പിന്തുണ അറിയിച്ചു. ഡൽഹിയിലെ സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്നും സംസ്ഥാന സ്വയംഭരണത്തിനായി ബംഗാളിനും കേരളത്തിനുമൊപ്പം തമിഴ്നാടും ശക്തമായി നിൽക്കുമെന്നും എം.കെ. സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര അവഗണനയ്ക്കെതിരായ കർണാടക സർക്കാരിന്റെ സമരം നാളെയാണ് ഡൽഹിയിൽ നടക്കുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സംസ്ഥാനത്തിന് അഞ്ച് വർഷത്തിനിടെ ലഭിക്കേണ്ട 62,000 കോടി രൂപ നൽകിയില്ലെന്നും സംസ്ഥാനം കടുത്ത വരൾച്ച നേരിടുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ലെന്നുമാണ് കർണാടക സർക്കാരിന്റെ ആരോപണം. ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ജനപ്രതിനിധികൾ, കോൺഗ്രസ് ദേശിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.