കണ്ണൂരിൽ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു
|ഏര്യത്തെ മാലിക്കന്‍റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകൾ അസ്‍വാ ആമിനയാണ് മരിച്ചത്
കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു. ഏര്യത്തെ മാലിക്കന്‍റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകൾ അസ്‍വാ ആമിന (3) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആലക്കാട് വലിയ പള്ളിയിൽ ഖബറടക്കി. സംസ്ഥാനത്ത് പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18 പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 27 പേർ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.
കഴിഞ്ഞ 10 ദിവസം കൊണ്ട് മാത്രം 805 പേർക്കാണ് ഡെങ്കി ബാധിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെ... 138 പേർക്ക് .ഇതില്‍ 51 കേസുകളും എറണാകുളത്തും. ഏറ്റവും കൂടുതല്‍ ഡെങ്കി രോഗികളുള്ളതും എറണാകുളം ജില്ലയില്‍ തന്നെ. രോഗബാധിതരുടെ എണ്ണം കൂടുന്നൊതിനൊപ്പം മരണവും ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 18 പേരാണ് പനി ബാധിച്ച് മരിച്ചത്. ഡെങ്കി ലക്ഷണങ്ങളോടെയാണ് ഇതില്‍ ഏറെ മരണങ്ങളും. ഈ മാസം മാത്രം 27 പേരാണ് ഡെങ്കി സംശയിച്ച് മരിച്ചതെന്നാണ്
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ആറ് മരണം ഡെങ്കിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 13 രോഗികളാണ്. ഈ മാസം 195 പേർക്ക്രോ ഗം സ്ഥിരീകരിച്ചു. എച്ച്1എന്‍1 ബാധിച്ചുള്ള മരണങ്ങളും കൂടുന്നുണ്ട്. ഈ മാസം മാത്രം 9 രോഗികള്‍ മരിച്ചു. ആറ് മാസത്തിനിടെ എച്ച്1 എന്‍ 1 ബാധിച്ച് ജീവന്‍ നഷ്ടമായത് 23 പേർക്കും. പകർച്ചപ്പനി തടയാന്‍ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിരിക്കുകയാണ് സർക്കാർ. വെള്ളിയാഴ്ച സ്കൂളുകളും ശനിയാഴ്ച സർക്കാർ ഓഫീസുകളും ഞായറാഴ്ചകളില്‍ വീടുകളും ശുചീകരിക്കാനാണ് തീരുമാനം. എല്ലാ സർക്കാർ ആശുപത്രികളിലും പനി ക്ലിനിക്കുകളും തുറന്നിട്ടുണ്ട്.
ബ്ലഡ് ബാങ്കുകളില്‍ രക്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ എടുക്കാതെ ആശുപത്രികളില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.