കണ്ണൂരിൽ മയക്കുവെടി വച്ചു പിടികൂടിയ കടുവ ചത്തു
|തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് കടുവ ചത്തത്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ മയക്കുവെടി വച്ചു പിടികൂടിയ കടുവ ചത്തു. തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് കടുവ ചത്തത്. യാത്രാമധ്യേ കോഴിക്കോട് വച്ച് കടുവ ചാവുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കടുവയുടെ മൃതദേഹം സംസ്‌കരിക്കും.
ഒരു ഡോസ് മയക്ക്‌വെടി മാത്രമാണ് കടുവക്ക് നൽകിയിരുന്നത്. വെടിയേറ്റ് 20 മിനിട്ടിന് ശേഷം കടുവ ഉണരുകയും ചെയ്തിരുന്നു. കൂട്ടിലേക്ക് മാറ്റിയ ശേഷം കടുവ ഉണരുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ആറളത്ത് വെച്ച് പ്രഥമ ശ്രുശൂഷ നൽകിയ ശേഷമാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവയുടെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. പിടികൂടുന്നതിന് മുമ്പ് ആളുകളെ കണ്ടപ്പോൾ കടുവ കെട്ടിന് മുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ താഴെ വീണിരുന്നു. അപ്പോൾ പരിക്കേറ്റിട്ടുണ്ടോയെന്ന് അന്വേഷണം നടന്നേക്കും.
ഇന്നലെയാണ് കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു പിടികൂടിയത്. പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിൽ പുലർച്ചയോടെയാണ് കടുവ കുടുങ്ങിയത്. തോട്ടത്തിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വേലിയിൽ മുൻകാലുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയിൽ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
കടുവയെ പിടിക്കുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡിഎഫ്ഒ പറഞ്ഞിരുന്നത്. കമ്പിവേലിയിൽ കുടുങ്ങിയ മുൻകാലുകൾക്ക് മാത്രം ചെറിയ പരിക്ക് മാത്രമാണുണ്ടായിരുന്നതെന്നും ഡിഎഫഒ വ്യക്തമാക്കി.
കടുവയെ കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ ജനപ്രതിനിധികൾ എതിർത്തതോടെയാണ് കടുവയെ തൃശൂരിലേക്ക് മാറ്റിയത്.