കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെച്ചശേഷം കൂട്ടിലാക്കി
|പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പുലിയെ വയനാട്ടിലേക്ക് കൊണ്ടു പോകും
കണ്ണൂർ: പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെച്ചശേഷം കൂട്ടിലാക്കി. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യസംഘമാണ് പുലിയെ മയക്കുവെടി വെച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പുലിയെ വയനാട്ടിലേക്ക് കൊണ്ടു പോകും.
വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസാണ് മയക്കുവെടിവെച്ചത്. കിണറ്റിലേക്ക് ആദ്യം വലയിറക്കി പുലിയെ കുടുക്കുകയായിരുന്നു. ഇതിന് ശേഷം ഇത് വലിച്ച് പുലിയെ കിണറിന്റെ മധ്യഭാഗത്ത് എത്തിക്കുകയും മയക്കു വെടി വെക്കുകയുമായിരുന്നു. ഇതിന് ശേഷം പുലിയെ കിണറിന് മുകളിലേക്ക് കൊണ്ടുവന്നും ഇഞ്ചക്ഷൻ നൽകുകയുമായിരുന്നു.
ഇതിന് ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ നിന്നും ആറളം വൈൽഡ് ലൈഫ് സ്റ്റേഷനിലേക്ക് മാറ്റി പ്രാഥമിക ശുശ്രുഷകൾ നൽകും. ഇതിന് ശേഷം പുലിയുടെ ആരോഗ്യ നില് തൃപതികരമാണെങ്കിൽ വയനാട്ടിലേക്ക് കൊണ്ടു പോകും. ഇന്ന് രാവിലെ ഒമ്പതരോടെയാണ് പെരിങ്ങത്തുരിലെ പണി തീരാത്ത വീടിന്റെ കിണറ്റിൽ നിന്നും പുലിയെ കണ്ടെത്തിയത്.