ആലപ്പുഴയിൽ റെയിൽവെ പാളത്തിൽ മരം വീണു; ട്രെയിനുകൾ വൈകി
|ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. ആലപ്പുഴയിൽ തകഴിയിൽ റെയിൽവേ പാളത്തിൽ മരം വീണതോടെ ട്രെയിനുകൾ വൈകി. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്. ആലപ്പുഴം,കൊല്ലം, കോട്ടയം ഭാഗങ്ങളിലെ റെയിൽവെ ട്രാക്കുകളിലും മരം വീണു.
കൊല്ലത്തും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഫെൽക്കിൻസിനെയാണ് കാണാതായത്.ഒപ്പമുണ്ടായിരുന്ന ബെർണാർഡ് നീന്തി രക്ഷപ്പെട്ടു.
ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൊല്ലം ബീച്ചിൽ 11 കെവി വൈദ്യുതി പോസ്റ്റ് വീടിന്റെ മുകളിലേക്ക് ചരിഞ്ഞു. ഗാന്ധി പാർക്കിലെ ചുറ്റുമതിൽ ഭാഗികമായി തകർന്നു. തലവടിയിൽ നിർമാണത്തിലിരുന്ന വീട് മരം വീണു. പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി.