കേരള -തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
|തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു
തിരുവനന്തപുരം:കേരള - തമിഴ്നാട് അതിർത്തിയായ ആറുകാണിക്ക് സമീപം ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കന്യാകുമാരി കീഴ്മല സ്വദേശി മധു(37)വാണ് കൊല്ലപ്പെട്ടത്. വനത്തിനോട് ചേർന്നുള്ള തോട്ടിൽനിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ ഒറ്റയാനാണ് ആക്രമിച്ചത്. ആന സമീപത്ത് നിന്ന് മാറാത്തതിനാൽ മധു മരിച്ചിട്ടും മൃതദേഹം മാറ്റാൻ കഴഞ്ഞില്ല.
അതിനിടെ, തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ദേവർഷോലയിലെ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയിൽ കർഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിക്കാണ് മസനഗുഡിയിൽ കർഷകനായ നാഗരാജ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 9.30 ഓടെ ദേവർശാലയിലും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേവർശാല സർക്കാർ മൂലയിൽ വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
അഞ്ച് മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തിറങ്ങി. വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാദേവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചു. മോർച്ചറിക്ക് മുന്നിൽ സമരം നടത്തിയ പ്രതിഷേധക്കാരെ എംഎൽഎയും ആർഡിഒയും ചേർന്ന് അനുനയപ്പിച്ചാണ് മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങാൻ തയ്യാറായത്. ഏതാനും മാസങ്ങളായി നീലഗിരിയിലെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.
അതേസമയം, ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിലാണ് വിനോദ സഞ്ചാരികളുടെ കാർ കാട്ടാന തകർത്തു. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറാണ് ആക്രമിക്കപ്പെട്ടത്.