'പാനൂരിലേത് പടക്കം പൊട്ടിയ സംഭവം'; കമ്മ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ലെന്ന് എ. വിജയരാഘവൻ
|പൊട്ടിയത് പടക്കിന്റെ ഏട്ടനാണ്, അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വിജയരാഘവൻ പറഞ്ഞു.
പാലക്കാട്: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ. പാനൂരിലേത് പടക്കം പൊട്ടിയ സംഭവമാണെന്ന് വിജയരാഘവൻ പറഞ്ഞു. പൊട്ടിയത് പടക്കിന്റെ ഏട്ടനാണ്, അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ എന്താണ് ചെയ്യാൻ കഴിയുകയെന്ന് വിജയരാഘവൻ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദർശിച്ചത് എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.