Kerala
A Vijayaraghavan on PV Anvars allegations against the Kerala CM Pinarayi Vijayan
Kerala

‘നല്ല കുപ്പായവും നല്ല തുണിയും ലിപ്സ്റ്റികും ഇടുന്നവർ കളവ് പറയുന്നവർ; വർഗശത്രുവിന്റെ പാളയത്തിൽ നിൽക്കുന്നവര്‍ വർഗശത്രു തന്നെ’-എ വിജയരാഘവന്‍

Web Desk
|
7 Oct 2024 4:03 PM GMT

'മലപ്പുറത്ത് പ്ലസ് ടു സീറ്റ് കിട്ടില്ലെന്ന് വെറുതെ എല്ലാ വർഷവും വാർത്ത കൊടുക്കും. ഒലക്ക വിഴുങ്ങണമെന്ന് പറഞ്ഞാൽ മനസിലാക്കാം. വിലങ്ങനെ വിഴുങ്ങണമെന്ന് പറഞ്ഞാൽ നടക്കുമോ? മലപ്പുറത്ത് ഒരാളെ കുത്തിക്കൊന്നുവെന്ന് പിണറായിക്ക് പറയാൻ പറ്റില്ല, കോഴിക്കോട്ട് കുത്തിക്കൊന്നുവെന്നു പറയണം.'

മലപ്പുറം: വർഗശത്രുവിന്റെ പാളയത്തിൽ നിൽക്കുന്ന ആളെ വർഗശത്രുവായി തന്നെയാണ് സിപിഎം കാണുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർഗീയത പടർത്താനാണ് മലപ്പുറം എന്ന വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും മലപ്പുറത്തിനു വേറെ അർഥം കൊടുക്കാനുള്ള ശ്രമമാണിവിടെ നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

പി. ശശിക്ക് എതിരായി അൻവർ കൃത്യമായ പരാതി തന്നിട്ടില്ല. അൻവർ എല്ലാ പരാതിയും ആദ്യം പത്രസമ്മേളനം നടത്തിയാണ് പറയുക. തെറ്റായ രാഷ്ട്രീയ വീക്ഷണം പുലർത്തുന്നവരെ ഞങ്ങൾ പ്രധാന പദവികളിൽ ഇരുത്തില്ല. ഒരു തെറ്റിന്റെ കൂടെയും നിൽക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും വിജയരാഘവൻ പറഞ്ഞു.

പ്രതിഭാശാലിയായ മനുഷ്യർ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്രരായി വരാറുണ്ട്. ചിലർ മൂന്നു വർഷമാകുമ്പോൾ തൊടുന്യായം പറഞ്ഞ് പോകും. അതുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ല. ഇനിയും സ്വതന്ത്രർ പാർട്ടിയിലേക്ക് കടന്നുവരണം. മാറിപ്പോയവർ ശക്തി തെളിയിക്കാൻ പലതും ചെയ്യും. നിലമ്പൂരിന്റെ അടുത്ത് ഗൂഡല്ലൂർ ഉള്ളതിനാൽ ഡിഎംകെക്കാർ വരുമെന്നും അദ്ദേഹം പറഞ്ഞു.

''സമൂഹത്തിൽ വർഗീയത പടർത്താനാണ് മലപ്പുറം എന്ന വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത്. മലപ്പുറത്തിനു വേറെ അർഥം കൊടുക്കാനുള്ള ശ്രമമാണിവിടെ നടക്കുന്നത്. മതസൗഹാർദത്തിന്റെ അടിത്തറയിലാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് ഇടതുപക്ഷം.

മലപ്പുറത്ത് പ്ലസ് ടു സീറ്റ് കിട്ടില്ലെന്ന് വെറുതെ പറയും. എല്ലാ വർഷവും വാർത്ത കൊടുക്കും. ഒലക്ക വിഴുങ്ങണമെന്ന് പറഞ്ഞാൽ മനസിലാക്കാം. വിലങ്ങനെ വിഴുങ്ങണമെന്ന് പറഞ്ഞാൽ നടക്കുമോ? ഇഷ്ടപ്പെട്ട വിഷയം, ഇഷ്ടപ്പെട്ട സ്‌കൂളിൽ, ഇഷ്ടപ്പെട്ട പോലെ പഠിക്കണമെന്നു പറയുന്നവർ മാധ്യമപ്രവർത്തകർ മാത്രമാണ്. മലപ്പുറത്ത് ഒരാളെ കുത്തികൊന്നുവെന്ന് പിണറായിക്ക് പറയാൻ പറ്റില്ല. കോഴിക്കോട്ട് കുത്തിക്കൊന്നുവെന്നു പറയണം. പിണറായി വിജയൻ വിശദീകരിച്ചിട്ടും മാധ്യമങ്ങൾ അവസാനിപ്പിക്കുന്നില്ല.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പലരും പ്രോത്സാഹിപ്പിക്കുന്നു. സ്വർണക്കടത്ത് നടത്താം, ഹവാല പണം കടത്താം, മണൽ കടത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരക്കാരുടെ കൈയടി നേടാനാണ് അൻവർ ശ്രമിച്ചത്. ഇപ്പോൾ മലപ്പുറം എന്ന് പറയാൻ പാടില്ല. പോളണ്ട് എന്ന് പറയാൻ കഴിയാത്തപോലെ മലപ്പുറം എന്ന് പറയാൻ കഴിയാത്ത അവസ്ഥ.

പൊലീസ് മര്യാദക്ക് പ്രവർത്തിച്ചില്ലെങ്കിൽ നിയന്ത്രിക്കാൻ കഴിയുന്നയാളാണ് കേരളം ഭരിക്കുന്നത്. മര്യാദക്കേ കേരള പൊലീസ് പ്രവർത്തിക്കൂ. സ്വർണം ഞങ്ങൾ പൊലീസിനെ കൊണ്ട് പിടിപ്പിച്ചതാണ്. കള്ളക്കടത്തും ക്രിമിനലുകളെയും പിടിക്കാൻ പാടില്ലേ.

സിപിഎം-ആർഎസ്എസ് ധാരണയെന്ന് പറയുന്നവന്റെ തൊലിക്കട്ടി അപാരമാണ്. ലാഭക്കച്ചവടത്തിന് വേണ്ടിയല്ല കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത്. ബിജെപി വിരോധം മൂത്ത് ബിജെപിക്ക് വോട്ട് ചെയ്യുകയാണ് തൃശൂരിലുണ്ടായത്. ഇഎൻ മോഹൻദാസിനെ ആർഎസ്എസ് എന്ന് പറഞ്ഞപ്പോഴാണ് അൻവർ ഏറ്റവും ചെറുതായത്. ഒ രാജഗോപാലിനെ കോൺഗ്രസാണ് ജയിപ്പിച്ചത്. ബിജെപി വിരോധം മൂത്ത് ബിജെപിക്ക് വോട്ട് ചെയ്യുകയാണ് തൃശൂരിൽ ഉണ്ടായത്. ക്രിസ്ത്യൻ പള്ളിയിൽ പോയി സുരേഷ് ഗോപിയും ഭാര്യയും പാട്ടുപാടി. ക്രിസ്ത്യൻ സമുദായം ബിജെപിയെ സഹായിച്ചു.

ഇപ്പോഴും പിണറായി വിജയന്റെ നേതൃത്വത്തിൽ ചെങ്കൊടി ഉയർത്തിപ്പിടിച്ച് ഇടതു സർക്കാർ കേരളത്തിൽ ഭരണം തുടരുന്നു. പലതരം കടന്നാക്രമണം അതിജീവിച്ചാണ് പാർട്ടി ഇതുവരെ എത്തിയത്. ഇടതു സർക്കാർ സാമൂഹ്യ തുല്യത ഉണ്ടാക്കി. വർഗീയശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർഭരണമുണ്ടായി. ലോകത്ത് എവിടെയെങ്കിലും ഈ രീതിയിൽ സാർവത്രിക വിദ്യാഭ്യാസം ലഭിക്കുമോ?''

മാധ്യമങ്ങളെയും വിജയരാഘവൻ അധിക്ഷേപിച്ചു. കേരളം മോശമാണെന്ന് കളവ് പറയാൻ ശമ്പളം കൊടുത്ത് നിർത്തിയിരിക്കുകയാണ് ചിലരെ. നല്ല കുപ്പായവും നല്ല തുണിയും ലിപ്‌സറ്റിക്കും ഇട്ട് വരുന്നത് കണ്ടാൽ മനസിലാക്കണം കളവ് പറയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ കള്ളനാണ് അൻവർ. അൻവർ കക്കാടംപൊയിലിൽ മുമ്പ് വനഭൂമി കൈയേറി അണക്കെട്ട് കെട്ടിയ ആളാണ്. ഭക്രാനംഗലിൽ കെട്ടിയ ഡാമിനേക്കാൾ വലിയ ഡാം കെട്ടിയ ആളാണ്. അങ്ങനെയൊക്കെയാണ് മുമ്പ് മാധ്യമങ്ങൾ അൻവറിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ രാവിലെ ആറു മണിക്ക് മാധ്യമങ്ങൾ അൻവറിന്റെ വീട്ടിൽ എത്തുന്നു. അൻവറിന്റെ സുഭാഷിതങ്ങൾ രാവിലെ മുതൽ നൽകുന്നു. മാധ്യമങ്ങള്‍ അന്‍വറിനെ മഹാനാക്കി. കമ്യൂണിസ്റ്റ് വിരുദ്ധരും വർഗീയ മാധ്യമങ്ങളും വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ച് നിന്നാലും സിപിഎം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: A Vijayaraghavan on PV Anvar's allegations against the Kerala CM Pinarayi Vijayan

Similar Posts