പട്ടികവർഗ വിഭാഗത്തിന് ഇ-ഗ്രാന്റ് ധനസഹായം മുടങ്ങിയിട്ട് ഒരു വർഷം; തുടര്‍പഠനത്തെ ബാധിച്ചെന്ന് വിദ്യാര്‍ഥികള്‍
|സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷത്തോളം രൂപയും കോളജ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് കോടിയിലേറെ രൂപയും കുടിശ്ശികയുണ്ടെന്നാണ് വിവരം
കോഴിക്കോട്: പട്ടികവർഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഒരു വര്‍ഷത്തിലേറെയായി മുടങ്ങി. എല്‍.പി മുതല്‍ കോളജ് തലം വരെയുള്ള വിവിധ ഗ്രാന്റുകളാണ് കിട്ടാത്തത്. ധനസഹായം മുടങ്ങിയത് തുടര്‍പഠനത്തെ തന്നെ ബാധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്താംതരം തരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ഇരുനൂറ് രൂപ സഹായം, പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം എണ്ണൂറ് മുതല്‍ തൊള്ളായിരം രൂപ വരെ,ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ക്ക് മാസം 3500 രൂപയുമാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം. ഇത് ഒരു വര്‍ഷത്തിലേറെയായി മുടങ്ങിയെന്നാണ് ആക്ഷേപം
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അമ്പത് ലക്ഷത്തോളം രൂപയും കോളജ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് കോടിയിലേറെ രൂപയും കുടിശ്ശികയുണ്ടെന്നാണ് വിവരം. ഇ ഗ്രാന്റ് കൂടി മുടങ്ങിയതോടെ പഠനം പാതിവഴിയില്‍ മുടങ്ങുന്ന അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇഗ്രാന്റില്‍ അറുപത് ശതമാനം വിഹിതം കേന്ദ്രവും നാല്‍പത് ശതമാനം സംസ്ഥാനവുമാണ് നല്‍കേണ്ടത്.