തൃശ്ശൂരില്‍ കാനയില്‍ വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു
|പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയ യുവതി കാനയിലേക്ക് തെന്നി വീഴുകയായിരുന്നു. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് ഇവരെ പിടിച്ചു കയറ്റിയത്.
തൃശ്ശൂര്‍: തൃശ്ശൂരിൽ കാനയിൽ വീണ് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ വടക്കേനടയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയ യുവതി കാനയിലേക്ക് തെന്നി വീഴുകയായിരുന്നു. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് ഇവരെ പിടിച്ചു കയറ്റിയത്. പിന്നീട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ എത്തി കാന മൂടി. സമാന രീതിയിൽ കഴിഞ്ഞ ദിവസം എറണാകുളം
വൈപ്പിൻ കരയിൽ ബോട്ട് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണിരുന്നു. നടക്കുന്നതിനിടെ സ്ലാബ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. രണ്ടുപേരേയും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും നാലുവയസുകാരനായ മകനും സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബിന് മുകളിലൂടെ നടന്നുവരികയായിരുന്നു. തകർന്ന സ്ലാബിന് മുകളിൽ ചവിട്ടിയ ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക് പതിക്കുകയായിരുന്നു. പഴയ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്കൊണ് തകർന്നതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
ഉടൻ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ഓടിയെത്തി ഇരുവരേയും പുറത്തെടുത്തു. അമ്മ അരയ്ക്കൊപ്പം വെള്ളത്തിലും കുഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയതാണ് വലിയൊരു ദുരന്തത്തിൽ നിന്നും ഇരുവരേയും രക്ഷിച്ചത്.
വാട്ടർ മെട്രോയുടെ ഭാഗമായി പ്രദേശത്തെ സ്ലാബുകൾ പലതും അടർത്തിമാറ്റിയിരുന്നു. പിന്നീട് ഇവ യഥാക്രമം പുനഃസ്ഥാപിക്കാത്തും, പുനഃസ്ഥാപിച്ചവ കൃത്യമായി ഉറപ്പിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.