![AA Rahim explanation on hijab controversy AA Rahim explanation on hijab controversy](https://www.mediaoneonline.com/h-upload/2023/09/24/1389904-aa-rahim.webp)
അവസരങ്ങൾ കിട്ടിയില്ലെങ്കിൽ ബി.ജെ.പിയിലേക്ക് ചാടാൻ നിൽക്കുന്നവരെക്കുറിച്ച് കോൺഗ്രസ് ധവളപത്രം പുറത്തിറക്കണം: എ.എ റഹീം
![](/images/authorplaceholder.jpg?type=1&v=2)
എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലോടെ എ.കെ ആന്റണിയുടെ ആദർശത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നും അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എ.എ റഹീം എം.പി. അവസരങ്ങൾ കിട്ടിയില്ലെങ്കിൽ അപ്പുറത്തേക്ക് ചാടാൻ കാത്തുനിൽക്കുന്നവരുടെ പട്ടിക കെ.പി.സി.സി പുറത്തുവിടണം. ഒരു ധവള പത്രത്തിന്റെ സമയമാണിത്. വർഗീയതയോട് കൂട്ട് കൂടാൻ അവസരങ്ങൾ മതി എന്ന് കോൺഗ്രസിന്റെ പരമോന്നത കുടുംബം തന്നെ പ്രഖ്യാപിച്ചു. എ.കെ ആന്റണിക്ക് അറിഞ്ഞില്ല എന്ന് പറയാൻ കഴിയില്ല. ആന്റണി മൗനം വെടിയണം. ആന്റണിയുടെ ആദർശത്തിന്റെ മുഖംമൂടി സ്വയം അഴിഞ്ഞുവീണു. ആന്റണി കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
രാഷ്ട്രീയമായി കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്ന അങ്ങേയറ്റം ശോചനീയമായ അവസ്ഥയാണിത്. കോൺഗ്രസിന്റെ രാഷ്ട്രീയമില്ലായ്മയെ തുറന്നുകാണിക്കുന്ന കുമ്പസാരമാണ് എലിസബത്ത് ആന്റണി നടത്തിയത്. കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ഇത് വ്യക്തമാക്കുന്നു. മകന്കിട്ടുന്ന അവസരങ്ങളാണ് അവർക്ക് ഘടകം. രാജ്യത്ത് ക്രൈസ്തവരെ വേട്ടയാടുന്നവരോടുള്ള വെറുപ്പ് ഇല്ലാതായി എന്ന് പറയുന്നത് അരാഷ്ട്രീയതയാണ്. സ്ഥാനമാനങ്ങൾ കിട്ടിയില്ലെങ്കിൽ ഇനിയും കോൺഗ്രസ് നേതാക്കൾ പോകുമോ? ഭയന്നിട്ടാണോ നേതാക്കളുടെ മക്കൾക്ക് കോൺഗ്രസ് അവസരങ്ങൾ നൽകുന്നതെന്നും റഹീം ചോദിച്ചു.
കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ് എലിസബത്ത് ആന്റണി. ഈ വിഷയത്തിൽ ആന്റണിയും സോണിയയും രാഹുൽ ഗാന്ധിയും പ്രതികരിക്കാൻ തയാറാകണം. കെ.സി വേണുഗോപാലെങ്കിലും പ്രതികരിക്കണം. എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലോടെ കോൺഗ്രസിന്റെ എല്ലാ വൃത്തികേടുകളും അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും റഹീം പറഞ്ഞു.