രണ്ട് പ്രശ്‌നങ്ങളുമായി എ.എ റഹീം വ്യോമയാന മന്ത്രിയെ കണ്ടു; അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു
|നവലിബറൽ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരായി മാറി...
കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച് എ.എ റഹീം എംപി. പ്രധാനമായും രണ്ട് പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് അദ്ദേഹം സിന്ധ്യയെ കണ്ടത്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് പൈലറ്റാകാൻ നിലനിൽക്കുന്ന തടസങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു പ്രശ്‌നം. ട്രാൻസ്‌ജെൻഡർ പൈലറ്റ് ആദം ഹാരിയുടെ അനുഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് റഹീം പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ഒരുതരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്ന് എന്ന് മന്ത്രി ഉറപ്പ് നൽകിയതായും റഹീം പറഞ്ഞു.
രണ്ടാമത് ഉന്നയിച്ച വിഷയം വിമാന ടിക്കറ്റ് നിരക്കിലെ വർധനയാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റഹീം മന്ത്രിയോട് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം
കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ചു.രണ്ട് പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്താനായിരുന്നു സന്ദർശനം. ട്രാൻസ് ജെന്റർ വിഭാഗത്തിൽപെട്ടവർക്ക് പൈലറ്റാകാൻ നിലനിൽക്കുന്ന തടസ്സങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു പ്രശ്നം.
ശ്രീ ആദം ഹാരിയുടെ അനുഭവം മാധ്യമങ്ങളിൽ കണ്ട അവസരത്തിലാണ് വ്യോമയാന മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവരാൻ ശ്രമിച്ചത്. ട്രാൻസ് വിഭാഗത്തിൽ പെട്ടവർക്ക് ഒരുതരത്തിലുള്ളവിവേചനവും ഉണ്ടാകില്ല എന്ന് മന്ത്രി ഉറപ്പ് നൽകി. വിമാനടിക്കറ്റ് വർദ്ധനവ് ഗൗരവപ്രശ്നമാണ്.
രണ്ടാമത് ഉന്നയിച്ച പ്രശ്നം അതായിരുന്നു.ആഭ്യന്തര യാത്രക്കാർക്കും വിദേശത്തുള്ള പ്രവാസികൾക്കും വിമാനയാത്രാനിരക്കിലുണ്ടാകുന്ന വലിയ വർദ്ധനവ് താങ്ങാനാകാത്തതാണ്. വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണ്.നിരക്ക് നിയന്ത്രിക്കാനുള്ള അധികാരം ഇന്ന് കേന്ദ്ര സര്ക്കാരിന് ഇല്ലാതായിരിക്കുന്നു.
നവലിബറൽ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരായി മാറി. പ്രവാസികളെയും,മറ്റ് വിമാന യാത്രക്കാരെയും മാത്രമല്ല,വിനോദ സഞ്ചാരത്തെയും അതിലൂടെ തൊഴിൽ അവസരങ്ങളെയും രാജ്യത്തിന്റെ വരുമാനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് വിമാനയാത്രാടിക്കറ്റിലുണ്ടാകുന്ന നിരക്ക് വർദ്ധനവ്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ അടിയന്തിരമായിഇടപെടണമെന്ന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.