അത് അജ്ഞാതമായ കഥാപാത്രം, പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല: പോരാളി ഷാജിയെ തള്ളി എ എ റഹീം
|പോരാളി ഷാജിയൊന്നും സിപിഎമ്മിന്‍റേതല്ലെന്നും തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും എ എ റഹീം
പോരാളി ഷാജിയെന്ന ഇടത് അനുകൂല ഫെയ്‍സ്ബുക്ക് ഐഡിയെ തള്ളിപ്പറഞ്ഞ് എ എ റഹീം. പോരാളി ഷാജിയൊന്നും സിപിഎമ്മിന്‍റേതല്ലെന്നായിരുന്നു റഹീമിന്‍റെ പരാമര്‍ശം. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് പോരാളി ഷാജിയുമായി സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ ഒരു ബന്ധവുമില്ലെന്ന് എ എ റഹീം തീര്‍ത്തു പറഞ്ഞത്.
രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയിലേക്ക് ഇതുവരെ ഉയര്‍ത്തിക്കാണിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ അവസാന നിമിഷം പുറത്താക്കിയതില്‍ സോഷ്യല്‍മീഡിയ പ്രതിഷേധം കനക്കുകയാണ്. പുതുമുഖങ്ങള്‍ മാത്രം മതിയെന്ന വാശിയില്‍ എന്തിനാണ് ടീച്ചറെ വെട്ടിനിരത്തിയത് എന്നതിലൂന്നിയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ച. ചര്‍ച്ചയില്‍ സിപിഎം പ്രതിനിധി ആയെത്തിയത് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ആയിരുന്നു. ചര്‍ച്ചയ്ക്കിടെയാണ് റഹീം പോരാളി ഷാജിയെന്ന ഇടത് അനുകൂല സൈബര്‍ പോരാളിയെ തള്ളിപ്പറഞ്ഞത്.
ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുയര്‍ത്തുന്നത് എതിരാളികളാണെങ്കില്‍ ഇത് അനുചിതമാണെന്ന് പറയാം. ഇത് നിങ്ങളുടെ ഒപ്പമുള്ള പോരാളി ഷാജിയെ പോലുള്ളവര്‍ക്കുപോലും മനസ്സിലായിട്ടില്ല. ഇനി എങ്ങനെയെങ്കിലും ഒന്ന് ഷൈലജ ടീച്ചറെ ഉള്‍പ്പെടുത്താമോ എന്ന് ചോദിക്കുകയാണ് ചിത്രത്തില് മോഹന്‍ലാല് ചോദിക്കുന്നതുപോലെ എന്നായിരുന്നു അവതാരകന്‍ അഭിലാഷ് മോഹന്‍റെ പരാമര്‍ശം. ഇതിന് മറുപടിയായാണ്, എ എ റഹീമിന്‍റെ മറുപടി.
നിങ്ങളീ പറഞ്ഞ പോരാളി ഷാജിയെന്ന കഥാപാത്രം അജ്ഞാതമായ കഥാപാത്രമാണ്. ഈ പാര്‍ട്ടിക്കോ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്കോ ഒരു ബന്ധവുമില്ലാത്ത ഏര്‍പ്പാടാണ്. അജ്ഞാതരായവര്‍ ഇങ്ങനെ പലതും പറയും എന്നായിരുന്നു റഹീം മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.
വീഡിയോ കാണാം: