Kerala
വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിനാകുമെന്നാണ് കരുതിയത്; എ.എ റഹീമിനെതിരായ അറസ്റ്റ് വാറന്റിൽ രാഹുൽ മാങ്കൂട്ടത്തിൽ
Kerala

''വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിനാകുമെന്നാണ് കരുതിയത്''; എ.എ റഹീമിനെതിരായ അറസ്റ്റ് വാറന്റിൽ രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
26 April 2022 1:59 PM GMT

''കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല. മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്ന പ്രധാന തിലകമാണുതാനും അദ്ദേഹം. ന്യായീകരണം ഐ.പി.സി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്.''

തിരുവനന്തപുരം: രാജ്യസഭാ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീമിനെതിരായ അറസ്റ്റ് വാറന്റിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എസ്.എഫ്.ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് മേധാവി പ്രൊഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഇതാണ് സി.പി.എമ്മിന്റെ സമരസംസ്‌കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപ്പറ്റിയും സമാധാനത്തെപ്പറ്റിയും സ്ത്രീ സുരക്ഷയെപ്പറ്റിയും പറയുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിന് അറസ്റ്റ് വാറന്റ് എന്ന വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല. മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്ന പ്രധാന തിലകമാണുതാനും അദ്ദേഹം. ന്യായീകരണം ഐ.പി.സി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണെന്നും രാഹുൽ പരിഹസിച്ചു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോൾ രാജേന്ദ്രനാണ് റഹീമിനെതിരെ ഇന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറന്റ് നൽകിയത്. എ.എ റഹീം, മുൻ എസ്.എഫ്.ഐ പ്രവർത്തകരായ എസ്. അഷിദ, ആർ. അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ എം, മിഥുൻ മധു, വിനേഷ് വി.എ, അപർണ ദത്തൻ, ബി.എസ് ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. നേരത്തെകേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിന് അറസ്റ്റ് വാറണ്ട്'

ഈ വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ ശ്രീ റഹീമിന് ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്ന പ്രധാന തിലകമാണുതാനും അദ്ദേഹം. ന്യായീകരണം ഐ.പി.സി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കിൽ ഒരായിരം ജീവപര്യന്തം മിനിമം കിട്ടേണ്ടുന്ന ആളാണ്.

പറഞ്ഞുവന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് എസ്.എഫ്.ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് മേധാവി പ്രൊഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് സി.പി.എമ്മിന്റെ സമരസംസ്‌കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപ്പറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെപ്പറ്റിയും പറയുന്നത്...

Summary: Rahul Mamkoottathil's Facebook post about AA Rahim's arrest warrant

Similar Posts