Kerala
Hardeep Singh Puri
Kerala

ഗ്യാസ് ഏജൻസിയിലെത്തി ആധാർ മസ്റ്ററിങ്; ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രമന്ത്രി

Web Desk
|
10 July 2024 11:33 AM GMT

എല്‍പിജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്തെഴുതിയിരുന്നു

തിരുവനന്തപുരം: ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.

മസ്റ്ററിങുമായി ബന്ധപ്പെട്ട് എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി പ്രതിപക്ഷ നേതവ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിക്ക് കത്ത് നല്‍കുകയും കത്ത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് റീ പോസ്റ്റു ചെയ്തു കൊണ്ടാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന ഉറപ്പ് നല്‍കിയത്.

മസ്റ്ററിങ് എട്ട് മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ഗ്യാസ് ഡെലിവറി ചെയ്യാനെത്തുന്ന ജീവനക്കാര്‍ മൊബൈല്‍ അപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കും. ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്വന്തമായി മസ്റ്ററിങ് പൂര്‍ത്തിയാക്കാനും സാധിക്കും. എല്‍.പി.ജി ഔട്ട്‌ലെറ്റുകളില്‍ എത്തി മസ്റ്ററിങ് നടത്തേണ്ട ആവശ്യമില്ല. മസ്റ്ററിങിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍പിജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Similar Posts