വിസ്മയ കാഴ്ചകളൊരുക്കി ആക്കുളം വിനോദസഞ്ചാര കേന്ദ്രം; അഡ്വഞ്ചർ പാർക്ക് ഇന്ന് തുറന്ന് നൽകും
|ഉദ്ഘാടനത്തിന് ശേഷം ഇന്ന് നാല് മുതൽ എല്ലാ റൈഡുകളിലും പ്രവേശനം സൗജന്യമായിരിക്കും.
തിരുവനന്തപുരം: വിസ്മയ കാഴ്ചകളൊരുക്കി തിരുവനന്തപുരം ആക്കുളം വിനോദസഞ്ചാര കേന്ദ്രം. ജില്ലയിലെ ആദ്യ സാഹസിക വിനോദ സഞ്ചാര പാർക്ക് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്നു നൽകും. മികച്ച സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയാണ് പാർക്ക് ആരംഭിക്കുന്നതെന്ന് കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ആകാശ സൈക്കിളിങ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ് തുടങ്ങി ഒരു ദിവസം മുഴുവൻ ആഘോഷിക്കാൻ വേണ്ടതെല്ലാം ആക്കുളത്ത് ഒരുക്കിയിട്ടുണ്ട്. എയർ ഫോഴ്സ് മ്യൂസിയവും കോക്പിറ്റിന്റെ ചലിക്കുന്ന മാതൃകയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
ലോകോത്തര മ്യൂസിക്കൽ ഫൗണ്ടയിനുകൾ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഉദ്ഘാടനത്തിന് ശേഷം ഇന്ന് നാല് മുതൽ എല്ലാ റൈഡുകളിലും പ്രവേശനം സൗജന്യമായിരിക്കും. പുതുവത്സരം വരെ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ബോട്ട് ക്ലബ് പരിസരത്തായി സിനിമാ സൗഹൃദ കഫെയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഡിസംബർ ആദ്യവാരത്തോടെ കഫേ പ്രവർത്തനം ആരംഭിക്കും