ഫണ്ടില്ല; വയനാട്ടിൽ തെരുവ് നായ്ക്കൾ ഭീഷണിയാകുമ്പോഴും പ്രവർത്തിക്കാതെ എബിസി
|ജില്ലയിലെ പ്രധാന ടൗണുകളിലും ജനവാസമേഖലകളിലും തെരുവുനായശല്യം രൂക്ഷമാണ്
വയനാട്: വയനാട്ടിൽ തെരുവുനായശല്യം രൂക്ഷമായി തുടരുമ്പോഴും ജില്ലയിലെ എബിസി കേന്ദ്രം അടഞ്ഞുകിടക്കുന്നു. ഫണ്ടില്ലാത്തതിനാലാണ് സുൽത്താൻ ബത്തേരിയിലെ വന്ധ്യംകരണ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. അതിനിടെ, തെരുവുനായ ശല്യം പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല മേല്‍നോട്ട സമിതി രൂപീകരിച്ചു.
ജില്ലയിലെ പ്രധാന ടൗണുകളിലും ജനവാസമേഖലകളിലും തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം ആദിവാസി വിദ്യാർഥിയടക്കം നിരവധി പേർക്കും കുതിരയടക്കം വളർത്തുമൃഗങ്ങൾക്കും കടിയേറ്റിരുന്നു. ആക്രമണം വർദ്ധിച്ചതോടെയാണ് പ്രതിരോധസംവിധാനങ്ങൾ വീണ്ടും ചർച്ചയായത്. പ്രവർത്തനം തുടങ്ങി ഒരുമാസത്തിനുള്ളിൽത്തന്നെ ബത്തേരിയിലെ വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമവസാനിപ്പിച്ചിരുന്നു.
അതിനിടെ, തെരുവുനായ ശല്യം പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി, ജില്ലാ മൃഗ സംരക്ഷണ ഓഫീസറെ ABC പ്രോഗ്രാമിന്റെ നോഡല്‍ ആഫീസറായി നിയമിച്ചു. സമിതിയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് കലക്‌ട്രേറ്റില്‍ ചേരും. തെരുവുനായശല്യ പരിഹരിക്കാൻ വാക്സിനേഷൻ പ്രവർത്തനങ്ങളും വന്ധ്യംകരണവും ഊർജിതമാക്കണമെന്നാണ് മൃഗസംരക്ഷണവിദഗ്ധരുടെ വിലയിരുത്തൽ.