ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍; പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍
|കുട്ടിയെ ഓട്ടോ ഡ്രൈവറുടെ ദൃശ്യങ്ങൾ കാണിച്ചു. ഇദ്ദേഹം സംഘത്തിലുണ്ടായിരുന്നോയെന്നും പരിശോധിക്കും
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഓട്ടോ ഡ്രൈവറുടെ ദൃശ്യങ്ങൾ കാണിച്ചു. ഇദ്ദേഹം സംഘത്തിലുണ്ടായിരുന്നോയെന്നും പരിശോധിക്കും. നിലവിൽ എസ്.പി ഓഫീസിലാണ് ഓട്ടോയും ഡ്രൈവറും ഉള്ളത്.
ഇദ്ദേഹത്തെ സ്റ്റാന്റിൽ നിന്നും ഓട്ടം വിളിച്ചതാണെന്നാണ് പൊലീസിന് നൽകിയ മൊഴിയെന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം. വാഹനത്തിൽ രണ്ടുപോരുണ്ടയിരുന്നു. എന്നാൽ ആ സമയം ഇവർ പരസ്പരം അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. ഇതിനുസമാനമായ കാര്യം തന്നെയാണ് കുട്ടിയും പൊലീസിനോട് പറഞ്ഞത്. സലാഹുദ്ദീൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു ഓട്ടോയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കല്ലുവാതുക്കലിൽ സ്റ്റാന്റിൽ ഓടുന്ന ഓട്ടോയാണിത്.
അതേസമയം, പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പാല, പത്തനംതിട്ട മേഖലകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ഇവർ കോഴിക്കോട് എത്തിയെന്നും സൂചനയുണ്ട്. കേസിൽ ഒരാളെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറുകൾ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.