Kerala
സമസ്‌തക്കാരനാണ്, മുസ്‌ലിമാണ്; മാറ്റിനിർത്തണമെന്നത് ചിലരുടെ മാത്രം താൽപര്യം: അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി
Kerala

"സമസ്‌തക്കാരനാണ്, മുസ്‌ലിമാണ്; മാറ്റിനിർത്തണമെന്നത് ചിലരുടെ മാത്രം താൽപര്യം": അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി

Web Desk
|
15 Feb 2023 7:34 AM GMT

സിഐസിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്‌തക്കാരാണെന്നും ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.

മലപ്പുറം: സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമെന്ന് സി ഐ സി ജനറല്‍ സെക്രട്ടറി അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. പറയാൻ അവസരം നൽകണമെന്ന് യാചിച്ചെങ്കിലും കിട്ടിയിട്ടില്ല. ചിലരുടെ വ്യക്തിവൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാദം കേട്ടാൽ നിക്ഷിപ്‌ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് തന്നെ കേൾക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണം എന്ന് സിദ്ധാന്തിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയർന്നുവന്നത്. സമസ്‌തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്‌തക്കാരനാണ്, അതിനർത്ഥം ഞാൻ മുസ്ലിമാണ്. സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റി നിർത്തണമെന്ന് സമസ്‌തയുടെ മുഴുവൻ ആവശ്യമല്ല. സിഐസിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്‌തക്കാരാണെന്നും ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.

അതേസമയം, ഹക്കീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും കഴിഞ്ഞ ദിവസം സമസ്ത വ്യക്തമാക്കിയിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയുണ്ടാക്കുമെന്നാണ് സൂചന.

ആദർശ വ്യതിയാനം ആരോപിച്ച് സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ കഴിഞ്ഞ നവംബറിലാണ് സമസ്ത പുറത്താക്കിയത്. സി.ഐ സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസിയെ നീക്കാനും സമസ്ത നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ സി.ഐ.സി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. സി.ഐ.സിക്ക് കീഴിലെ വാഫി- വഫിയ കോഴ്സുകള്‍ നടക്കുന്നത് ഭൂരിഭാഗവും സമസ്തക്ക് നേരിട്ട നിയന്ത്രണമുള്ള സ്ഥാപനങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള സി.ഐ.സിയെ മാറ്റിനിർത്തി വാഫി - വഫിയ കോഴ്സ് നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കാന് സമസ്ത മുശാവറ ധാരണയിലെത്തിയത്.

Similar Posts