ചർച്ച തുടരുന്നു, ഐഎൻഎൽ തർക്കം തീരുമെന്ന് എപി അബ്ദുൽ ഹക്കീം അസ്ഹരി
|തമ്മിലടിച്ചാൽ മുന്നണിക്ക് പുറത്താകും സ്ഥാനമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കോഴിക്കോട്: ഐഎൻഎല്ലിലെ തർക്കം ചർച്ച ചെയതു പരിഹരിക്കുമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എപി അബ്ദുൽ ഹകീം അസ്ഹരി. കാസിം ഇരിക്കൂർ, വഹാബ് പക്ഷങ്ങളുമായി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതു മുന്നണി നേതൃത്വം കണ്ണുരുട്ടിയതിനെ തുടർന്ന് യോജിപ്പിന്റെ വഴികൾ ഇരുപക്ഷവും ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായി അബ്ദുൽ വഹാബ് മന്ത്രി അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി ദേശീയ സെക്രട്ടറി എന്ന നിലയിലാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വഹാബ് വിശദീകരിച്ചു. തമ്മിലടിച്ചാൽ മുന്നണിക്ക് പുറത്താകും സ്ഥാനമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, വഹാബ് വിഭാഗം ഐഎൻഎൽ എന്ന പേര് ഉപയോഗിക്കരുത് എന്ന് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ഉത്തരവിട്ടു. അബ്ദുൽ വഹാബും നാസർ കോയ തങ്ങളും അടക്കമുള്ളവർ പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രവേശിക്കുന്നത് താൽക്കാലികമായി തടഞ്ഞിട്ടുമുണ്ട്.