ധനസമാഹരണം 30 കോടി പിന്നിട്ടു; 'സേവ് അബ്ദുല്‍ റഹീം' ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി
|ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ആപ്പിൽ അറിയിച്ചിരിക്കുന്നത്
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടിയോട് അടുക്കുന്നു. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യത്തോടടുക്കുന്നത്. 30 കോടി പിന്നിട്ടതോടെ സേവ് അബ്ദുല്‍ റഹീം ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി Save Abdul Rahim എന്ന പേരിൽ ആപ്പും ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്.
ഫണ്ട് കലക്ഷൻ 30 കോടി പിന്നിട്ടതോടെ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ആപ്പിൽ അറിയിച്ചിരിക്കുന്നത്. 4.30നുശേഷം സേവനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഫ്ലൈനായും വലിയ തോതിൽ ധനസമാഹരണം നടന്നിട്ടുണ്ട്. ഇത്തരത്തിൽ സമാഹരിച്ച തുക കൂടി എണ്ണിയ ശേഷമായിരിക്കും തുടർനടപടികളെന്നാണു ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 2006ൽ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന് സ്പോൺസറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.
2006 ഡിസംബർ 24ന് ഫായിസിനെ കാറിൽ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തിൽ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയായിരുന്നു. ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തിൽ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനൽകാൻ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയിൽ ഇപ്പോള്‍ മാപ്പുനൽകാൻ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.
ഇതിനു പിന്നാലെയായിരുന്നു നാട്ടിലെ സാമൂഹിക പ്രവർത്തകർ ചേർന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ സംസ്ഥാനവ്യാപകമായി പണപ്പിരിവുമായി യാചകയാത്ര പ്രഖ്യാപിച്ചതോടെ ധനസമാഹരണം കൂടുതൽ ജനശ്രദ്ധ നേടുകയും ചെയ്തു. വിവിധ മത, രാഷ്ട്രീയ, ജീവകാരുണ്യ സംഘടനകളും വ്യവസായികളും പ്രവാസി മലയാളികളും കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്നേഹികളുമെല്ലാം ഒന്നിച്ചതോടെയാണ് ഏതാനും ദിവസങ്ങൾ കൊണ്ട് വലിയൊരു ലക്ഷ്യം പിന്നിടുന്നത്.
Summary: Save Abdul Rahim crowd-funding crosses 30 crore rupees