'ഹാജിമാർക്കെതിരെയുള്ള ക്രൂരമായ പരിഹാസമാണ് അബ്ദുല്ലക്കുട്ടി നടത്തിയത്'; എം.കെ.രാഘവൻ എം.പി
|വിഷയം പാർലമെന്റിൽ വീണ്ടും ഉയർത്തുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ നേരിൽ കാണുമെന്നും എം.കെ.രാഘവൻ എം.പി പറഞ്ഞു
കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്കിലെ അമിത വർധനവില് നിരുത്തരവാദപരമായ മറുപടി നൽകിയ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ എം.കെ.രാഘവൻ എം.പി. ഹജ്ജിന് തയ്യാറെടുക്കുന്ന കേരളത്തിലെ ഇരുപതിനായിരത്തിലേറെ വരുന്ന ഹാജിമാർക്കെതിരെയുള്ള ക്രൂരമായ പരിഹാസമാണ് അബ്ദുല്ലക്കുട്ടി നടത്തിയത്. വിഷയം പാർലമെന്റിൽ വീണ്ടും ഉയർത്തുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ നേരിൽ കാണുമെന്നും പറഞ്ഞു. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പരിഹാരമാണ് ആവശ്യം, പരിഹാസമല്ല...
കോഴിക്കോട് വിമാനത്താവളത്തിലെ ഹജ്ജ് വിമാന നിരക്കിലെ ഭീമമായ അന്തരം ചൂണ്ടി കാട്ടിയ മാധ്യമ പ്രവർത്തകരോട് സ്വന്തമായി വിമാനം കൊണ്ട് വന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ശ്രീ. എ.പി അബ്ദുല്ലക്കുട്ടിയുടെ പരിഹാസം ശ്രദ്ധയിൽപ്പെട്ടു.
സുപ്രധാനമായ പദവിയിൽ ഇരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത തികച്ചും നിരുത്തരവാദപരമായ സമീപനമാണ് മറുപടിയിലൂടെയും വിഷയത്തോടുള്ള സമീപനത്തിലും അദ്ദേഹത്തിൽ നിന്ന് കാണുന്നത്. ഇത് ഹജ്ജിന് തയ്യാറെടുക്കുന്ന കേരളത്തിലെ ഇരുപതിനായിരത്തിലേറെ വരുന്ന ഹാജിമാർക്കെതിരെയുള്ള ക്രൂരമായ പരിഹാസമാണ്.
ആഗോള ടെണ്ടർ ആണ് നിരക്ക് നിശ്ചയിച്ചതെന്നും വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹം ആവർത്തിക്കുന്നത്. ഖത്തറിൽ നിന്ന് വിമാനം കൊണ്ട് വന്നോളൂ എന്ന് പരിഹസിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഹജ്ജ് ഫ്ളൈറ്റ് ഓപ്പറേഷൻ ടെണ്ടർ നോട്ടീസിന്റെ ആദ്യ വരികൾ എങ്കിലും ബഹുമാന്യനായ ഹജ്ജ് കമ്മിറ്റി ചെയർമാൻ വായിച്ചു നോക്കിയിരുന്നെങ്കിൽ ഇത്തരം ഒരു പരിഹാസം അദ്ദേഹം നടത്തില്ലായിരുന്നു. ഇതൊരു ആഗോള ടെണ്ടർ അല്ല എന്ന കാര്യം പോലും അദ്ദേഹത്തിന് അറിയില്ലെന്നത് എന്ത് മാത്രം പരിതാപകരമാണ്? ഇന്ത്യയിലെയും സൗദി അറേബ്യയയിലെയും ഏതാനും വിമാന കമ്പനികൾക്ക് മാത്രമാണ് ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കുക. സ്വന്തം ഉത്തരവാദിത്തത്തിന് കീഴിൽ നടക്കുന്ന കാര്യങ്ങളെ പോലും അറിയാത്ത ചെയർമാൻ യഥാർത്ഥത്തിൽ സ്വയം പരിഹാസ്യനാകുകയാണ് ഇവിടെ.
ബഹുമാന്യനായ ചെയർമാൻ, ഇവിടെ പരിഹാരമാണ് ആവശ്യം. എല്ലാ കാര്യങ്ങളെയും സാങ്കേതികത്വത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി കാണരുത്. കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കേവലം സാങ്കേതിക സംവിധാനമാകരുത്. ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനും സുഗമമായ നടത്തിപ്പിനുമാണ് സർക്കാരിന്റെ ഭാഗമായ ഹജ്ജ് കമ്മിറ്റികൾ പ്രാധാന്യം നൽകേണ്ടത്.
ഇവിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹജ്ജ് ഓപ്പറേഷന് എയർ ഇന്ത്യ എക്സ്പ്രസ് ടെണ്ടറിൽ ക്വോട്ട് ചെയ്തിരിക്കുന്ന തുക കൊമേഴ്ഷ്യൽ സിവിൽ ഏവിയേഷന്റെ ഏതേത് മാനദന്ധം വെച്ച് അളന്നാലും നീതീകരിക്കാനാകാത്ത അത്രയും ഉയർന്നതാണ്. മാത്രമല്ല കേരളത്തിലെ തന്നെ തൊട്ടടുത്തുള്ള രണ്ട് വിമാനത്താവളങ്ങളിൽ നിന്നാകട്ടെ ഇതിനേക്കാൾ 75000/- രൂപ വരെ കുറഞ്ഞ നിരക്കിൽ ആണ് സൗദി എയർലൈൻസ് ടെണ്ടറിൽ ക്വോട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് 164329.62/- രൂപ കൊച്ചി 89188.51/- രൂപ കണ്ണൂർ 88772.91/- രൂപ എന്നിങ്ങനെയാണ് എയർ ഫെയർ ആയി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഹജ്ജ് ഓപ്പറേഷന് കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങളും കൊച്ചിയിൽ നിന്നും, കണ്ണൂരിൽ നിന്നും വലിയ വിമാനങ്ങളും ഉപയോഗിക്കുന്നതാണ് നിരക്കിലെ ഭീമമായ അന്തരത്തിന് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമാണ്. കഴിഞ്ഞ വർഷം ചെറിയ വിമാനങ്ങൾ സർവീസ് നടത്തിയ കോഴിക്കോടിനേക്കാൾ ഉയർന്ന തുകയാണ് വലിയ വിമാനങ്ങൾ സർവീസ് നടത്തിയ കൊച്ചിയിൽ നിന്ന് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവർ ഇതൊരു സാമൂഹ്യ പ്രശ്നമായി കണ്ട് ഹാജിമാരുടെ ഭാഗത്ത് നിലയുറപ്പിച്ച് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.
ഇന്ത്യയിൽ ഇന്ന് സർവീസ് നടത്തുന്നതിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക വിമാന കമ്പനി എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. അതിന്റെ പ്രധാന കാരണം എക്സ്പ്രസ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചാണെന്നതും വസ്തുതയാണ്. വിമാന കമ്പനിയെ താങ്ങി നിർത്തുന്ന മലബാറിലെ ജനങ്ങളോട് ഹജ്ജിന്റെ കാര്യത്തിൽ കമ്പനി കാണിക്കുന്ന ചൂഷണ നയം നിസ്സംഗമായ സാങ്കേതിക മറുപടികൾ കൊണ്ട് മൂടി വെക്കാൻ കഴിയില്ല.
പരിഹാരം വളരെ എളുപ്പമാണ്
കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കുകയോ, കോഴിക്കോട് നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കുകയോ ചെയ്ത് വിഷയത്തിൽ പരിഹാരം കാണാൻ സാധിക്കും. ഇതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും, ന്യൂനപക്ഷ മന്ത്രാലയവും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയും തയ്യാറാകേണ്ടത്.
കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുക മാത്രമാണ് ഹജ്ജ് അടക്കം വിമാനത്താവളം നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ പരിഹാരം. വലിയ വിമാന സർവീസിന് അനുമതി ഉണ്ടായാൽ സൗദി എയർലൈൻസ് അടക്കമുള്ള കൂടുതൽ വിമാന കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കും. ഇതോടെ അനിയന്ത്രിതമായ നിരക്ക് വർദ്ധനവും നിരക്കിലെ കൊള്ളയും തടയാൻ കഴിയും.
യു.പി.എ, യു.ഡി.എഫ് കേന്ദ്ര സംസ്ഥാന ഭരണ കാലയളവിൽ അനസ്യൂതം നടന്ന് കൊണ്ടിരുന്ന വലിയ വിമാനങ്ങളുടെ സർവീസ് 2015 മുതൽ ആണ് തികച്ചും അന്യായമായ കാരണങ്ങൾ ചൂണ്ടി കാട്ടി പലപ്പോഴായി കേന്ദ്ര സർക്കാർ ഇവിടെ തടഞ്ഞു വെച്ചിരിക്കുന്നത്. 'ഹ്യൂമൻ എറർ' എന്ന് അന്വേഷണ ബ്യുറോ വ്യക്തമാക്കിയ 2020 ലെ വിമാനാപകടത്തെ മറയാക്കി കേരളത്തിലെ ചില സ്വകാര്യ വിമാനത്താവള വക്താക്കളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോടിന്റെ വലിയ വിമാന സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞു വെച്ച സമീപനം നീതീകരിക്കാനാകാത്തതാണ്.
വിമാനപകട ശേഷം റൺവേ റീ കാർപെറ്റിങ്, സെന്റർ ലൈൻ ലൈറ്റിങ്, ടച്ച് ഡൗൺ സോൺ ലൈറ്റിങ്, റൺവേ വിഷ്വൽ റേഞ്ച് (ആർ.വി.ആർ) അടക്കം എല്ലാ സുരക്ഷാ നിർദേശങ്ങളും കോഴിക്കോട് എയർപോർട്ടിൽ നടപ്പിലാക്കി കഴിഞ്ഞതാണ്. റെസ നിർമാണത്തിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നുമുണ്ട്. റെസ നിർമാണം പൂർത്തിയാക്കിയാലേ വലിയ വിമാനം അനുവദിക്കൂ എന്ന കേന്ദ്ര സർക്കാർ നിലപാട് ദുർവാശിയാണ്. പലതവണ ആവർത്തിച്ച് ആവശ്യമുന്നയിച്ചിട്ടും, മന്ത്രിയെ നേരിൽ കണ്ടിട്ടും ഇക്കാര്യത്തിൽ കേന്ദ്രം തുടരുന്ന തെറ്റായ സമീപനമാണ് ഇന്ന് വിമാനത്താവളത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
DGCA യുടെയും ICAO യുടെയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് നടത്തി വന്നത്. വിമാനാപകട ശേഷം 2021 ജനുവരിയിൽ സൗദി എയർലൈൻസ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എന്നീ ലോകത്തര വിമാന കമ്പനികൾ വീണ്ടും വലിയ വിമാന സർവീസ് നടത്താനുള്ള സന്നദ്ധത അറിയിച്ച് എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ചതുമാണ്. വിമാന കമ്പനികൾ സുരക്ഷാ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യില്ല എന്നിരിക്കെ കോഴിക്കോടിന്റെ വലിയ വിമാന സർവീസ് അനുമതി നിഷേധിക്കുന്നത് സ്വകാര്യ വിമാനത്താവളങ്ങൾ വേണ്ടി മാത്രമാണ്.
കോഴിക്കോട് എയർപോർട്ടിൽ വലിയ വിമാന സർവീസുകൾക്ക് മുന്നോടിയായി നേരത്തെ തയ്യാറാക്കിയ കോമ്പാറ്റിബിലിറ്റി റിപ്പോർട്ട് പിന്നീട് രാജ്യത്തെ 16 ചെറിയ വിമാനത്താവളങ്ങളിൽ പ്രധാന മന്ത്രിയുടെ അതി സുരക്ഷാ വൈഡ് ബോഡി വിമാനമായ ബോയിങ് 777 എയർക്രാഫ്റ്റ് ഓപ്പറേറ്റ് ചെയ്യാൻ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാതൃകാ കോമ്പാറ്റിബിലിറ്റി റിപ്പോർട്ട് ആയി സ്വീകരിച്ചിരുന്നു. പ്രധാന മന്ത്രിയുടെ വിമാനത്തിന് ഇല്ലാത്ത എന്ത് സുരക്ഷയാണ് കോഴിക്കോട് എയർപോർട്ടിൽ സ്വയം സന്നദ്ധരായി സർവീസിന് എത്തുന്ന വിമാന കമ്പനികൾക്ക് മാത്രം കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്നത്?
ഈ വിഷയങ്ങൾ വരുന്ന പാർലമെന്റ് സെഷനിൽ വീണ്ടും ഉയർത്തും. വരുന്ന ദിവസം കേന്ദ്ര മന്ത്രി ശ്രീമതി. സ്മൃതി ഇറാനി, ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ നേരിൽ കാണും. പരിഹാരം ഉണ്ടാകുന്നത് വരെ യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകും.