ആദർശപ്രചാരണവും സമുദായത്തിന്റെ ഐക്യവും സമസ്തയുടെ ലക്ഷ്യം: അബ്ദുസമദ് പൂക്കോട്ടൂർ
|സമസ്തയുടെ ഡിമാൻഡ് സി.ഐ.സി അംഗീകരിച്ചില്ലെങ്കിൽ താൻ അതിന്റെ തലപ്പത്തുണ്ടാകില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചിലർ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി തങ്ങളെ സമസ്തക്കാരനല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും പൂക്കോട്ടൂർ പറഞ്ഞു.
കോഴിക്കോട്: ആദർശപ്രചാരണവും സമുദായത്തിന്റെ ഐക്യവും സമസ്തയുടെ ലക്ഷ്യമാണെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശപ്രചാരണം സമസ്തയുടെ ലക്ഷ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ സമുദായത്തിന്റെ മതപരവും സാമുദായികവുമായ അവകാശാധികാര സംരക്ഷണവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ ഡിമാൻഡ് സി.ഐ.സി അംഗീകരിച്ചില്ലെങ്കിൽ അതിന്റെ തലപ്പത്തുണ്ടാകില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും തങ്ങളെ സമസ്തക്കാരനല്ലാതാക്കാൻ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ശ്രമം നടക്കുകയാണ്. സമുദായത്തിനകത്ത് അസ്വാരസ്യം ഉണ്ടാക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണെന്നും പൂക്കോട്ടൂർ പറഞ്ഞു.
എസ്.വൈ.എസ് ജാഗരണ ജാഥക്ക് പതാക കൈമാറുമ്പോൾ വാഫി വിഷയത്തിൽ അസ്വാരസ്യമുണ്ടാക്കുന്ന സംസാരങ്ങൾ ഉണ്ടാവരുതെന്ന് തങ്ങൾ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ അതിനെതിരായ പ്രസംഗങ്ങൾ ഉണ്ടാകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ യാത്രയിലെ പല വേദികളിലും അതിനെതിരായ പ്രസംഗങ്ങൾ ഉണ്ടായെന്നും പൂക്കോട്ടൂർ പറഞ്ഞു.