വർക്കലയിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു
|പല മാർക്കറ്റിലും ഫ്രോസൺ മത്സ്യം കണക്കില്ലാതെ വിൽക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
തിരുവനന്തപുരം: വർക്കലയിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീനുകൾ നശിപ്പിച്ചു.
ഇന്നലെ വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. 200 കിലോയോളം വരുന്ന പഴകിയ ചൂര മീൻ ഉദ്യോഗസ്ഥർ കണ്ടെത്തി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ നടത്തിയ പരിശോധനയിലാണ് മീൻ പഴകിയതാണെന്ന് കണ്ടെത്തിയത്. മത്സ്യബന്ധന വിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ ജില്ലയിൽ ഉടനീളം ചന്തകളിൽ വലിയ പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നത്. പല മാർക്കറ്റിലും ഫ്രോസൺ മത്സ്യം കണക്കില്ലാതെ വിൽക്കുന്നു എന്ന വിവരം നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പുന്നമൂട് മാർക്കറ്റിൽ എത്തി പരിശോധന നടത്തിയത്.
ഈ മാസം പതിനാലാം തീയതി ആറ്റിങ്ങൽ ആലംകോട് , കല്ലമ്പലം കടമ്പാട്ടുക്കോണം എന്നീ മൊത്തവിൽപന മാർക്കറ്റുകളിൽ പരിശോധന നടത്തിയിരുന്നു . ഇവിടെ നിന്ന് പഴകിയ മത്സ്യങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ ഇവിടുത്തെ ഭൂരിഭാഗം കച്ചവടക്കാരും പഴകിയ ഫ്രോസൺ മത്സ്യമാണ് വിൽക്കുന്നതെന്ന് കണ്ടെത്തി. വർക്കല , ചിറയിൻകീഴ് സർക്കിളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. മണൽ വിതറിയുള്ള മത്സ്യ വില്പന അനുവദിക്കില്ലെന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. അടിക്കടി സമാനമായ പരിശോധനകൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.