Kerala
ഇസ്രായേൽ അനുകൂല പേജിൽ അസ്വാഭാവിക ലൈക്ക്; ഞെട്ടൽ മാറാതെ മലയാളികളും
Kerala

ഇസ്രായേൽ അനുകൂല പേജിൽ അസ്വാഭാവിക ലൈക്ക്; ഞെട്ടൽ മാറാതെ മലയാളികളും

Web Desk
|
14 May 2021 1:29 PM GMT

പേജ് ലൈക്ക് ചെയ്തവരില്‍ ഇസ്രായേല്‍ അതിക്രമത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന നിരവധി മലയാളികളുമുണ്ട് എന്നതാണ് വിചിത്രം.

ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം അലയടിക്കുകയാണ്. അതിനിടെയാണ് ഇസ്രായേല്‍ അനുകൂല ഫേസ് ബുക്ക് പേജായ ജെറുസലേം പ്രെയര്‍ ടീം (Jerusalem Prayer Team) പൊടുന്നനെ 76 മില്യണ്‍ ലൈക്ക് (76,130,377) വ്യാജമായി ഉണ്ടാക്കിയെന്ന ആരോപണം ഉയരുന്നത്. പേജ് ലൈക്ക് ചെയ്തവരില്‍ ഇസ്രായേല്‍ അതിക്രമത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന നിരവധി മലയാളികളുമുണ്ട് എന്നതാണ് വിചിത്രം. ഇങ്ങനെയൊരു പേജ് ലൈക്ക് ചെയ്തിട്ടില്ലെന്നും ആ ലൈക്ക് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തി.

മില്യണ്‍ കണക്കിന് സയണിസ്റ്റ് അനുകൂലികളെ പെട്ടെന്ന് സൃഷ്ടിച്ചെടുത്തതില്‍ ഫേസ് ബുക്കിന്‍റെ ഗൂഢാലോചനയുണ്ടെന്നാണ് ചിലരുടെ ആരോപണം. അതായത് തങ്ങളറിയാതെ ആ പേജ് എങ്ങനെ ലൈക്ക് ചെയ്യപ്പെട്ടു എന്നാണ് ഇവരുടെ ചോദ്യം. ഈ പേജിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പോഴാണെന്നും ഇതുവരെ തുറന്നുപോലും നോക്കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. നേരത്തെ ഫലസ്തീനിലെ ഒരു മാധ്യമപ്രവര്‍ത്തകനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.


2010 ല്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ജെറുസലേം പ്രെയര്‍ ടീം എന്ന പേജിന്‍റെ പേര് തുടക്കം മുതല്‍ ഇതുതന്നെയാണ്. വേറെ ഏതെങ്കിലും പേജുകള്‍ ഈ പേജിലേക്ക് ലയിപ്പിച്ചതായും കാണുന്നില്ല. പക്ഷേ അവര്‍ നിലവില്‍ 17 പേജ് ലൈക്ക് ക്യാമ്പെയിനുകള്‍ നടത്തുന്നുണ്ട്. ജെറുസലേമിനായി പ്രാര്‍ഥിക്കാന്‍ പങ്കുചേരുക (join us to pray for Jerusalem) എന്ന് പറഞ്ഞാണ് ഈ പരസ്യം നമ്മുടെയൊക്കെ ഫേസ് ബുക്ക് അക്കൌണ്ടിലെത്തുന്നത്. ഇത് ശ്രദ്ധിക്കാതെ ക്ലിക്ക് ചെയ്തുപോയതുകൊണ്ടാണോ പെട്ടെന്ന് ഇത്രയും ലൈക്ക് പേജിന് ലഭിച്ചത് അതോ മറ്റെന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും അറിഞ്ഞവര്‍ അറിഞ്ഞവര്‍ ജെറുസലേം പ്രെയര്‍ ടീം പേജില്‍ പോയി നോക്കി സ്വന്തം ലൈക്ക് കണ്ട് അമ്പരപ്പെടുന്നുണ്ട്.

ഫലസ്തീൻ വിരുദ്ധ പ്രോപഗണ്ടക്ക്

സുക്കറണ്ണന്റെ ആപിനും പങ്കുണ്ടോ ?

ഫലസ്തീനികൾക്കെതിരായ ഇസ്രായേലി പ്രോപഗണ്ടക്ക് നമ്മുടെ...

Posted by Hasanul Banna on Thursday, May 13, 2021

ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഉള്ളടക്കമായി വരുന്ന പോസ്റ്റുകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങള്‍ നീക്കം ചെയ്യുകയോ സെൻസർ ചെയ്യുകയോ ചെയ്യുന്നുവെന്ന പരാതി ഉയരുന്നതിനിടെയാണ് ഈ സയണിസ്റ്റ് അനുകൂല പേജും ചര്‍ച്ചയാവുന്നത്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, മസ്ജിദുൽ അഖ്‌സയിൽ പ്രാർഥനക്കെത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. ലോകത്താകമാനം മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച വിവരങ്ങൾ ശേഖരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഡിഒഎഎം (Documenting Oppression Against Muslims) ഉൾപ്പെടെയുള്ള അക്കൗണ്ടുകളാണ് ഇൻസ്റ്റാഗ്രാം വിലക്കിയത്.

Similar Posts