Kerala
absconding main accused also arrested in Mailapra murder
Kerala

മൈലപ്ര കൊലപാതകം: ഒളിവിൽ പോയ നാലാം പ്രതിയും പിടിയിൽ

Web Desk
|
14 Jan 2024 5:22 PM GMT

ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിൽ ആയി. പത്തനംതിട്ട എസ്ഐ അനൂപ് ചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. നാലാം പ്രതിയും തമിഴ്നാട് വിരുതനഗർ ശ്രീവള്ളിപുത്തൂർ സ്വദേശിയുമായ മുത്തുകുമാർ (26) ആണ് അറസ്റ്റിലായത്. ശ്രീവള്ളിപുത്തൂരിൽ ചുടുകാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിൽ ആയി. പത്തനംതിട്ട എസ്ഐ അനൂപ് ചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കേസിൽ നേരത്തെ നാല് പ്രതികൾ പിടിയിലായിരുന്നു. ഒന്നാം പ്രതി ഹരീബ്, രണ്ടാം പ്രതി മുരുകൻ, മൂന്നാം പ്രതി സുബ്രഹ്‌മണ്യൻ, അഞ്ചാം പ്രതി നിയാസ് എന്നിവരാണ് നേരത്തെ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

തുടർന്നാണ് നാലാം പ്രതി മുത്തുകുമാറിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ, തമിഴ്‌നാട് വിരുതനഗറിലെ ശ്രീവള്ളിപുത്തൂരിൽ ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചു. ഇതോടെ കഴിഞ്ഞദിവസം പത്തനംതിട്ട എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഇവിടുത്തെ ഒരു ചുടുകാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.

ഇയാൾ കൊടുംക്രിമിനലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊല നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ നാല് പ്രതികളെയും പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നു. ഡിസംബർ 30ന് വൈകിട്ടാണ് ജോർജിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൈലി മുണ്ടുകളും ഷർട്ടും ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് പ്രതികൾ ജോർജിനെ കൊന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ ജോർജിന്റെ മാലയും പണവും പ്രതികൾ കവർന്നിരുന്നു.



Similar Posts