കരുവന്നൂർ തട്ടിപ്പ്: എ.സി മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
|അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ കത്ത് നൽകി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇ ഡി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എസി മൊയ്തീന് പറഞ്ഞു
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്തീൻ പ്രതികരിച്ചു.
ഇ.ഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകും. ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ കത്ത് നൽകി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇ ഡി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എസി മൊയ്തീന് പറഞ്ഞു.
രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ എ.സി മൊയ്തീൻ എം എല്‍ എ ചോദ്യം ചെയ്യലിനായി ഹാജരായത്. നേരത്തെ രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീൻ മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.ബാങ്കിൽ നിന്നും ബിനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അത്തരത്തിൽ ഒരു നിർദ്ദേശം നൽകിക്കൊണ്ട് എ.സി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
നേരത്തെ വീട്ടിലെ റെയ്ഡിന് പിന്നാലെ മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളിലുമായുള്ള 28 ലക്ഷത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനും ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ എ.സി മൊയ്തീന്റെ ബിനാമിയാണെന്നാണ് ഇ.ഡി പറയുന്നത്.
400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങിയത്. ബെനാമികള്‍ മതിയായ ഈടില്ലാതെ വലിയ തുകകൾ വായ്പയായി എടുത്തതോടെ ബാങ്ക് സാമ്പത്തികമായി തകരുകയായിരുന്നു.