യുവാവിനെ വാഹനമിടിച്ചിട്ട സംഭവം; കടവന്ത്ര സിഐയെ കാസർകോട്ടേക്ക് സ്ഥലം മാറ്റി
|സംഭവത്തിൽ കേസ് എടുക്കാൻ വൈകിയത് സംബന്ധിച്ച തോപ്പുംപടി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം തുടരുകയാണ്
കൊച്ചി കടവന്ത്ര എസ് എച്ച് ഒ യെ സ്ഥലം മാറ്റി.കാസർകോട് ചന്തേര സ്റ്റേഷനിലേക്കാണ് സി.ഐ മനോജിനെ മാറ്റിയത്. കൊച്ചി ഹാർബർ പാലത്തിൽ വെച്ച് സി ഐ ഓടിച്ചിരുന്ന വാഹനം യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കേസിലാണ് നടപടി. അതിനിടെ സംഭവത്തിൽ കേസ് എടുക്കാൻ വൈകിയത് സംബന്ധിച്ച തോപ്പുംപടി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം തുടരുകയാണ്.
മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തിൽ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിയായ വിമൽ ജോളി നേരിട്ട് പരാതി നൽകിയിട്ടും നാലു ദിവസങ്ങൾക്ക് ശേഷം കേസെടുത്തത് കടവന്ത്ര സിഐയെ സംരക്ഷിക്കാൻ ആയിരുന്നുവെന്നാണ് തോപ്പുംപടി പൊലീസിനെതിരായ ആക്ഷേപം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെ ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സിഐ ജിപി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്.
ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. സിഐയും വനിതാ സുഹൃത്തുമാണ് കാറിനുളളിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വിമൽ ജോളിക്ക് കൈക്കും വയറിനും പരിക്കേറ്റിരുന്നു.
സംഭവത്തിൽ കേസെടുക്കാത്തത് വിവാദമായതോടെയാണ് തോപ്പുംപടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.