റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
|ദേശീയപാതയിലെ കുഴിയിൽ വീണ ഹാഷിമിന് മേൽ മറ്റൊരു വാഹനം കയറുകയായിരുന്നു
എറണാകുളം: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രി 10.30 നാണ് അപകടമുണ്ടായത്. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്.
അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിന് മുന്നിലെ കുഴിയിൽ വീണ ഹാഷിമിനുമേൽ മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടച്ചതായും നാട്ടുകാര്‍ വ്യക്തമാക്കി.
പ്രദേശത്ത് പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തുണ്ട്. റോഡിലെ കുഴികളടക്കേണ്ട ഉത്തരവാദിത്തം ടോള്‍ പിരിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കുണ്ട്. അത് ചെയ്തില്ലെങ്കില്‍ അധികൃതര്‍ ചെയ്യിക്കണം. എന്നാല്‍ കോണ്‍ട്രാക്ടര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാന്‍ അധികൃതര്‍ അതിന് മുതിരുന്നില്ലെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രതികരിച്ചു. അപകടമരണത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതർക്കെതിരെയും കോൺട്രാക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എം.എല്‍.എ പറഞ്ഞു.