മോഡലുകളുടെ അപകട മരണം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
|കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ റോയ് വയലാറ്റ് അടക്കം എട്ട് പ്രതികളാണുള്ളത്.സൈജു തങ്കച്ചൻ അമിത വേഗത്തിൽ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ കണ്ടത്തൽ. അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് അബ്ദുൾ റഹ്‌മാനെതിരെയും കേസെടുത്തിട്ടുണ്ട്. ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ സൈജുവും, റോയിയും മോഡലുകളെ നിർബന്ധിച്ചതിനും കേസുണ്ട്. തെളിവ് നശിപ്പിച്ചതിന് ഹോട്ടൽ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു റിപ്പോർട്ട്.
സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണമുയർന്നാണ് വിശദമായ അന്വേഷണം നടന്നത്. തുടർന്നാണ് മോഡലുകൾ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനുമെതിരായ തെളിവുകൾ പുറത്തുവന്നത്. സൈജു തങ്കച്ചൻ അമിതവേഗത്തിൽ പിന്തുടർന്നാണ് അപകടത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.