ഉദ്യോഗസ്ഥർ പ്രധാന ഉത്തരവാദികളെന്ന് കമ്മീഷൻ റിപ്പോർട്ട്; മരടിലെ ഫ്ളാറ്റുകൾ പൊളിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്
|വില്ലന്മാരായി ഇതുവരെ വിശേഷിപ്പിച്ചിരുന്ന ബിൽഡർമാരെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ഉദ്യോഗസ്ഥരെ മുഖ്യപ്രതിസ്ഥാനത്തേക്ക് കമ്മീഷൻ പ്രതിഷ്ഠിച്ചിരിക്കുന്നത്
കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിക്കേണ്ടി വന്ന സംഭവത്തിൽ ഉദ്യോഗസ്ഥർ പ്രധാന ഉത്തരവാദികളെന്ന് കമ്മീഷൻ റിപ്പോർട്ട്. ഫ്‌ളാറ്റ് പൊളിക്കലിലേക്കു നയിച്ചതിനു കാരണക്കാരെ കണ്ടുപിടിക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷനാണ് ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുന്നത്. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ ഫ്‌ളാറ്റുകൾ ഇടിച്ചു നിരത്തി 30 മാസം പിന്നിട്ടപ്പോഴാണ് കമ്മീഷൻ റിപ്പോർട്ടിലൂടെ പുതിയ വഴിതിരിവ്. വില്ലന്മാരായി ഇതുവരെ വിശേഷിപ്പിച്ചിരുന്ന ബിൽഡർമാരെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ഉദ്യോഗസ്ഥരെ മുഖ്യപ്രതിസ്ഥാനത്തേക്ക് കമ്മീഷൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിയമ ലംഘനം നടത്തിയതിന്റെ പേരിൽ പൊളിച്ചു നീക്കപ്പെട്ട മരട് ഫ്‌ളാറ്റ് കേസിൽ രണ്ടാം ഘട്ട നിയമ പോരാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഇന്നലെ സുപ്രിംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
തീരദേശ സംരക്ഷണ നിയമം പാലിക്കാതെയാണ് മരട് പഞ്ചായത്ത് അധികൃതർ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതെന്നു റിപ്പോർട്ടിൽ തുറന്നുകാട്ടുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ പോലും ഉദ്യോഗസ്ഥർ പാലിച്ചില്ല. ഫ്‌ളാറ്റിലെ താമസക്കാർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുകയും ബിൽഡർമാരിൽ നിന്നും പിന്നീട് ഈടാക്കുകയുമാണ് ചെയ്തിരുന്നത്. ഫ്‌ളാറ്റ് നിർമാതാക്കളിൽ നിന്നും പലഘട്ടമായി കോടിക്കണക്കിനു രൂപയാണ് സർക്കാർ തിരിച്ചു പിടിച്ചത്. ഈ തുക ബിൽഡർമാർക്ക് മടക്കി നൽകേണ്ടിവരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനം നടത്തുകയാണ് നിർമാതാക്കൾ ചെയ്തത്.
എല്ലാ കക്ഷികൾക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 42 കക്ഷികളിൽ നിന്ന് മൊഴിയെടുത്താണ് ഏകാംഗ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. 30 പേജ് അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ 93 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. കേസിലെ കക്ഷികൾക്ക് റിപ്പോർട്ട് ഇന്നലെ അയച്ചു നൽകി. ആറാം തീയതിക്ക് മുൻപായി മറുപടി സത്യവാങ്മൂലം സമർപ്പിക്കണം.
According to Thotathi B Radhakrishnan Commission report, the officials are the main ones responsible for the demolition of the Kochi Marad flats.