13 ലക്ഷമുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചു; ഇസാഫ് ബാങ്കിനെതിരെയും പരാതി
|പരാതിക്ക് ആസ്പദമായ അക്കൗണ്ട് കൂടാതെ കച്ചവട ആവശ്യങ്ങള്‍ക്കായുള്ള കറന്‍റ് അക്കൗണ്ടും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്
മലപ്പുറം: അക്കൗണ്ട് മരവിപ്പിക്കലിൽ ഇസാഫ് ബാങ്കിനെതിരെയും പരാതി. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സാബിത്തിന്‍റെ സേവിങ്സ് അക്കൗണ്ട് സംശയാസ്പദമായ ഇടപാടിന്‍റെ പേരിൽ മരവിപ്പിച്ചത്. ഇതിന് പിന്നാലെ ബാങ്ക് ഇയാളുടെ പേരിലുള്ള കറണ്ട് അക്കൗണ്ടും കാരണമില്ലാതെ മരവിപ്പിച്ചു. ആക്സിസ് ബാങ്കടക്കം 4 അക്കൗണ്ടുകളാണ് ബാങ്ക് മരവിപ്പിച്ചത്. മരവിപ്പിക്കപ്പെട്ട 4 അക്കൗണ്ടിലായി ഉള്ള 13 ലക്ഷം രൂപ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സാബിത്.
പരാതിക്ക് ആസ്പദമായ അക്കൗണ്ട് കൂടാതെ കച്ചവട ആവശ്യങ്ങള്‍ക്കായുള്ള അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ബാങ്ക് അറിയിച്ചത്.
3 മാസത്തോളമായി ബാങ്ക് നടപടിക്ക് പിന്നാലെയാണ് സാബിത്. എന്നാൽ തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും സഹായിക്കാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്‍റെ മറുപടി. ബാങ്കിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഹൈക്കോടതിൽ ഉടനെ ഹരജി ഫയൽ ചെയ്യുമെന്നും സാബിത് പറഞ്ഞു.