'ഇല്ലാത്ത പരാതി' ഉന്നയിച്ച് ഗുജറാത്ത് പൊലീസ്; അക്കൗണ്ട് മരവിപ്പിക്കൽ-കൂടുതൽ തെളിവ് പുറത്ത്
|കൂടുതൽ തെളിവുകൾ പുറത്ത്
മലപ്പുറം: ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ വ്യാജ പരാതികളും കാരണമാകുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് റാഫിക്കെതിരെ പരാതി നൽകിയെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞ വ്യക്തിയെ വിളിച്ചപ്പോൾ ലഭിച്ചത് പരാതിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ്.
മൂന്നാഴ്ച മുമ്പാണ് മുഹമ്മദ് റാഫിയുടെ ഇസാഫ് ബാങ്ക് മലപ്പുറം ബ്രാഞ്ചിലെ അക്കൗണ്ട് മരപ്പിച്ചതായി അറിയിപ്പ് ലഭിച്ചത്. 50,000 രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചതിന് കാരണമായി പറഞ്ഞത് ഗുജറാത്തിൽ നിന്ന് പരാതി ലഭിച്ചു എന്നാണ്. അരവിന്ദ് ദവേ എന്നയാളാണ് പരാതി നൽകിയതെന്ന് ബാങ്കിൽ നിന്ന് ലഭിച്ച രേഖ പറയുന്നു. അതിലുള്ള നമ്പറിൽ മുഹമ്മദ് റാഫി സുഹൃത്തിന്റെ സഹായത്തോടെ ബന്ധപ്പെട്ടു. എന്നാൽ പരാതിക്കാരനെന്ന് ഗുജറാത്ത് പൊലീസ് പറയുന്നയാളെ വിളിച്ചപ്പോൾ അയാൾക്ക് പരാതിയെക്കുറിച്ച് ഒന്നും അറിയില്ല.
സംശയാസ്പദമെന്ന് ഗുജറാത്ത് പൊലീസ് പറയുന്ന തുക 12,150 രൂപയാണ്. അത്തരമൊരു തുക തന്നെ റാഫിയുടെ അക്കൗണ്ടിൽ വന്നിട്ടില്ല. ഇക്കാര്യം പരാതി രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ മറുപടിയൊന്നും ഉണ്ടായതുമില്ല. അക്കൗണ്ട് മരവിപ്പിക്കൽ സംഭവങ്ങൾ പിന്നിൽ വ്യാപക തട്ടിപ്പുണ്ടെന്ന് തെളിയിക്കുകയാണ് മുഹമ്മദ് റാഫിയുടെ അനുഭവം.