കഴുത്തിൽ കുത്തിയശേഷം സാരി കൊണ്ട് കഴുത്തു മുറുക്കി; മനോരമ വധക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി ആദം അലി
|മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞു നിന്ന മനോരമയെ കടന്നുപിടിക്കുകയും...
തിരുവനന്തപുരം കേശവദാസപുരം സ്വദേശി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലി കുറ്റം സമ്മതിച്ചു. കഴുത്തിൽ കത്തി കൊണ്ട് കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. തെളിവെടുപ്പിനിടെയാണ് ആദം അലി കുറ്റം സമ്മതിച്ചത്.
പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞു നിന്ന മനോരമയെ കടന്നുപിടിക്കുകയും കത്തികൊണ്ട് കുത്തുകയും സാരികൊണ്ട് കഴുത്ത് മുറുക്കുകയുമായിരുന്നു. അവിടെ നിന്ന് തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് മൃതദേഹം വലിച്ചഴിച്ച് കൊണ്ടുപോകുകയായിരുന്നെന്നും പ്രതി സമ്മതിച്ചു.
മനോരമയുടെ വീട്ടിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതിയായ ആദം അലി പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ ചെന്നൈ ആർപിഎഫാണ് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.