എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ
|നെയ്യാറ്റിൻകര സ്വദേശി സതീഷ് കുമാറാണ് കാലടി പൊലീസിന്റെ പിടിയിലായത്
കൊച്ചി: എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി സതീഷ് കുമാറാണ് കാലടി പൊലീസിന്റെ പിടിയിലായത്. വാട്ടർ അതോറിറ്റിയിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
തൃശ്ശൂർ സ്വദേശിയിൽ നിന്ന് 2,25000 രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. പണം കൈപറ്റി ഒരു വര്ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ സ്വദേശി അന്വേഷണം നടത്തുകയും തുടർന്ന് ഇയാളെ കുറിച്ച് കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന കാലടി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
സതീഷ്കുമാർ മുമ്പും ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ട്. നിരവധിയാളുകളിൽ നിന്ന് ജോലിവാഗ്ദാനം ചെയ്ത് പണം വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരാതിക്കാരുണ്ടാകുമെന്ന സാധ്യതയും പൊലീസിപ്പോൾ പരിശോധിക്കുന്നുണ്ട്.