യുവതിയെ ആക്രമിച്ചതാര്? പൊലീസിനെ വലച്ച് മ്യൂസിയം കേസ് പ്രതി ഇപ്പോഴും കാണാമറയത്ത്
|വിശദമായി ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിയെ അതിക്രമിച്ചത് താനല്ലെന്നാണ് സന്തോഷ് ആവർത്തിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കുറവൻകോണത്ത് വീട് ആക്രമിച്ച കേസിലെ പ്രതി വലയിലായിട്ടും നിർണായകമായ മ്യൂസിയം കേസിലെ പ്രതി എവിടെയെന്ന് തേടുകയാണ് പൊലീസ്. വൈകുന്നേരം കസ്റ്റഡിയിൽ എടുത്ത മലയിൻകീഴ് സ്വദേശി സന്തോഷ് വീട് ആക്രമിച്ച കേസിൽ കുറ്റം സമ്മതിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിയെ അതിക്രമിച്ചത് താനല്ലെന്നാണ് സന്തോഷ് ആവർത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് ഇയാൾ.
കുറവൻകോണത്ത് വീട് ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മ്യൂസിയം കേസിലെ പ്രതി ഇയാൾ തന്നെയാണെന്ന സംശയം ബലപ്പെട്ടത്. മ്യൂസിയം കുറവൻകോണവും മ്യൂസിയവും തമ്മിൽ ഏകദേശം മൂന്ന് കിലോമീറ്റർ വ്യത്യാസം മാത്രമാണുള്ളത്. മ്യൂസിയത്തിൽ സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത് ബുധനാഴ്ച പുലർച്ചെയാണ്. അതിനാൽ ഈ രണ്ടുസംഭവങ്ങളും കൂട്ടിച്ചേർത്ത് വായിക്കണമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ചുവടുപിടിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്തോഷ് പിടിയിലായത്.
ചൊവ്വാഴ്‌ച 9.45ഓടെയായിരുന്നു വീടിന് നേരെ ആക്രമണമുണ്ടായത്. വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷം ജനൽചില്ലുകൾ തകർക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതി എന്തിനാണ് വീട് ആക്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. മോഷണമായിരുന്നോ ലക്ഷ്യമെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
ഇതിനിടെ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരണവുമായി രംഗത്തെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ ന്യായീകരണത്തിന് താൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.